തിരുവനന്തപുരം
ശ്രീനാരായണ ഗുരുവിനെ അവതരിപ്പിച്ചതിന്റെ പേരിൽ സംസ്ഥാനത്തിന്റെ നിശ്ചലദൃശ്യം റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽനിന്ന് കേന്ദ്ര സർക്കാർ ഒഴിവാക്കിയതിനെതിരെ വ്യാപക പ്രതിഷേധം. ഗുരുദേവനെ അവതരിപ്പിച്ച കാരണത്താൽ കേരളത്തെ തഴഞ്ഞ കേന്ദ്ര നടപടിക്കെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിങ്കളാഴ്ച ‘ദേശാഭിമാനി ’യിൽ ലേഖനം എഴുതി.
ഗുരുവിനെപ്പോലും പരിഗണിക്കാതെ കേരളത്തോട് പ്രതികാര മനോഭാവത്തോടെയുള്ള കേന്ദ്ര സമീപനം തീരാകളങ്കമാണെന്ന് ലേഖനത്തിൽ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രചാരമാണ് ലേഖനത്തിനു കിട്ടിയത്. ഇതോടെ വിവിധ രംഗങ്ങളിൽനിന്നുള്ള പ്രതികരണവും ശക്തമായി. സാമൂഹ്യ–- സാംസ്കാരിക രംഗത്തുള്ള ഒട്ടേറെപ്പേർ കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരെ രംഗത്തുവന്നു.
കേരളത്തിൽ മതനിരപേക്ഷതയിൽ ഊന്നിയ സാമൂഹ്യമുന്നേറ്റങ്ങൾക്ക് മണ്ണ് പാകിയ നവോത്ഥാന പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തയാളാണ് ശ്രീനാരായണ ഗുരു. അദ്ദേഹത്തെ അപമാനിക്കുന്നതാണ് സംഘപരിവാറിന്റെയും കേന്ദ്രസർക്കാരിന്റെയും നിലപാട്. സ്ത്രീസുരക്ഷ എന്ന ആശയം മുൻനിർത്തി ജടായുപ്പാറയും ചുണ്ടൻവള്ളവും അടങ്ങുന്നതായിരുന്നു കേരളത്തിന്റെ നിശ്ചലദൃശ്യം. മാതൃക കാണിച്ചപ്പോൾ അതിനു മുന്നിൽ ശങ്കരാചാര്യരെ വയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഗുരുദേവ ശിൽപ്പം വയ്ക്കാമെന്ന് സമ്മതിച്ച് മാതൃക സമർപ്പിച്ചു. ബന്ധപ്പെട്ട സമിതികൾ പരിശോധിച്ച് അന്തിമ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. എന്നാൽ, പിന്നീട് സംഘപരിവാർ നേതൃത്വത്തിന്റെ ഇടപെടലിൽ അനുമതി നിഷേധിച്ചു.
ദേശീയ വീക്ഷണം
വികലമാകുന്നതിന്റെ ഉദാഹരണം : പ്രൊഫ. എം കെ സാനു
ആധുനിക ഭാരതത്തിന്റെ വീക്ഷണത്തിൽ സാർവലൗകികമായ പരിവർത്തനം വരുത്തിയ ശ്രീനാരായണ ഗുരുവിന് ശാശ്വത സ്ഥാനമാണ് ചരിത്രത്തിലുള്ളത്. ആ ഗുരുവിന്റെ നിശ്ചലദൃശ്യം രാജ്യത്തിന്റെ റിപ്പബ്ലിക് ദിന പരേഡിൽനിന്ന് ഒഴിവാക്കിയത് സങ്കുചിത കാഴ്ചപ്പാടാണെന്ന് പ്രൊഫ. എം കെ സാനു പറഞ്ഞു. ദേശീയ വീക്ഷണം വികലമാകുന്നതിന്റെ ഉദാഹരണമാണിത്. മനുഷ്യത്വമാണ് മതം എന്ന് ശ്രീനാരായണ ഗുരു ലോകത്തോടാണ് പറഞ്ഞത്. അത് കേരളത്തിൽമാത്രം ഒതുങ്ങേണ്ട സന്ദേശമല്ല. അത് രാജ്യം കാണാതെ പോകരുത്.
സാംസ്കാരിക അപചയം : ആർടിസ്റ്റ് സുജാതൻ
രാജ്യം ബഹുമാനിക്കുന്ന ശ്രീനാരായണ ഗുരുവിന്റെ സാന്നിധ്യം റിപ്പബ്ലിക് ദിന പരേഡിൽനിന്ന് ഒഴിവാക്കിയത് സാംസ്കാരിക അപചയമായിട്ടേ കാണാൻ സാധിക്കൂവെന്ന് ആർടിസ്റ്റ് സുജാതൻ പറഞ്ഞു. സാമൂഹ്യ പരിഷ്കർത്താക്കളിൽ മുൻപന്തിയിലാണ് ഗുരു. മനുഷ്യരെ ഒന്നായി കാണണമെന്ന് പഠിപ്പിച്ചയാൾ. ആ ഗുരുവിന്റെ പേരിൽ കേരളം അവതരിപ്പിക്കാനിരുന്ന ഫ്ളോട്ടിന് അനുമതി നിഷേധിച്ചവരുടെ അജണ്ട എന്താണെന്ന് വ്യക്തമാണ്. ഗുരുവിനെ അംഗീകരിക്കുന്നില്ല എന്ന് പറയാൻ എങ്ങനെ കഴിയുന്നു? എന്തിന്റെ പേരിലായാലും ഫ്ളോട്ട് ഒഴിവാക്കിയത് അംഗീകരിക്കാനാവില്ല.
ജൂറികൾക്ക് ഗുരുവിന്റെ സ്ഥാനം
നിശ്ചയിക്കാനാകില്ല : തുഷാർ വെള്ളാപ്പള്ളി
റിപ്പബ്ലിക് ദിന പരേഡിലെ നിശ്ചലദൃശ്യം തെരഞ്ഞെടുക്കുന്ന ജൂറികൾക്ക് നിശ്ചയിക്കാനാകുന്നതല്ല ശ്രീനാരായണ ഗുരുവിന്റെ സ്ഥാനമെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. ഗുരുവിന് പകരം മറ്റൊരാളെ പ്രതിഷ്ഠിക്കാൻ ആർക്കും കഴിയില്ല. ഏവരും ഹൃദയത്തിൽ പ്രതിഷ്ഠിക്കേണ്ട പരമദൈവമാണ് ഗുരു. രാജ്യം റിപ്പബ്ലിക് ആകുന്നതിന് എത്രയോ മുമ്പ് മനുഷ്യരെ സ്വതന്ത്രരാക്കിയ മഹാദേവനാണ് ശ്രീ നാരായണഗുരു.
ഗുരുവിനെ ഇപ്പോഴും അകറ്റിനിർത്തുന്ന ഒരു വിഭാഗം രാജ്യത്തുണ്ട്. അവരുടെ പൂർവികരുമായി നിശബ്ദവിപ്ലവം നടത്തിയാണ് നാണുവെന്ന ദേവാത്മാവ് ശ്രീനാരായണഗുരു ദേവനായത്. ഇത് ഏവരും ഓർത്താൽ നല്ലത്. ഗുരുദേവൻ ഒരു വികാരമാണ്. വികാരപരമായേ ഇതിനെ സമീപിക്കാൻ കഴിയൂ. ഗുരുദേവനെ അവഗണിച്ച് ആർക്കും മുന്നോട്ട് പോകാൻ കഴിയില്ലെന്നും -അദ്ദേഹം ഫെയ്സ്ബുക്കിലെഴുതി.
അക്ഷന്തവ്യമായ അപരാധം : സ്വാമി സച്ചിദാനന്ദ
ശ്രീനാരായണ ഗുരുവിനെ ഉൾപ്പെടുത്തിയുള്ള കേരളത്തിന്റെ നിശ്ചലദൃശ്യം റിപ്പബ്ലിക് ദിന പരേഡിൽനിന്ന് കേന്ദ്രസർക്കാർ ഒഴിവാക്കിയത് അക്ഷന്തവ്യമായ അപരാധമാണെന്ന് ശ്രീനാരായണധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ഇത് ശരിയല്ലെന്നും അദ്ദേഹം ‘ദേശാഭിമാനി’യോട് പറഞ്ഞു.
കേന്ദ്രനിലപാടിനെതിരെ ശിവഗിരി മഠം പ്രതിഷേധിച്ചിരുന്നു. അദ്വൈതത്തിന്റെ ആചാര്യനെന്ന നിലയിൽ ശങ്കരാചാര്യരോട് ആദരവുണ്ട്. എന്നാൽ, ശ്രീനാരായണ ഗുരുദേവൻ എല്ലാ രാഷ്ട്രീയ പാർടികൾക്കും കേരളീയർക്ക് ആകമാനവും സ്വീകാര്യനും ആദരണീയനുമാണെന്ന യാഥാർഥ്യം ജൂറി പരിഗണിക്കാത്തതിൽ ഉൽക്കണ്ഠ രേഖപ്പെടുത്തുന്നു.