ഫെബ്രുവരി പതിനാറിന് മുൻപ് വിചാരണ പൂർത്തിയായില്ലെങ്കിൽ അക്കാര്യം ചൂണ്ടിക്കാട്ടി വിചാരണ കോടതി ജഡ്ജിയാണ് സുപ്രീം കോടതിയെ സമീപിക്കേണ്ടത്. അങ്ങനെയെങ്കിൽ അത് പരിഗണിച്ച് ഉത്തരവ് ഇറക്കുന്ന കാര്യം ആലോചിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി അനുവദിക്കണമെന്നാണ് കേരള സർക്കാരിന് വേണ്ടി ഹാജരായ ജയദീപ് ഗുപത് ആവശ്യപ്പെട്ടത്. പല രീതിയിൽ കേസിൻ്റെ വിചാരണ നീട്ടിക്കൊണ്ട് പോകാനാണ് സംസ്ഥാന സർക്കാർ ശ്രമം നടത്തുന്നതെന്നായിരുന്നു ദിലീപിനായി ഹാജരായ മുകുൾ റോഹത്ഗി വാദിച്ചത്.
സർക്കാരിൻ്റെ ആവശ്യത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് റോഹത്ഗി കോടതിയിൽ നിലപാട് സ്വീകരിച്ചത്. കേസിൽ നാല് പ്രാവശ്യമാണ് സമയം നീട്ടി നൽകിയത്. ആദ്യം കേസിൽ ജഡ്ജിയെ മാറ്റാൻ ശ്രമിച്ചു. അതുനടക്കാതെ വന്നപ്പോൾ പ്രോസിക്യൂട്ടർ രാജിവച്ചു. കേസിൽ മോശം കളിയാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. 202 സാക്ഷികളെ വിസ്തരിച്ച് കഴിഞ്ഞപ്പോൾ അഞ്ച് വർഷത്തിന് ശേഷം ഇപ്പോൾ പെട്ടെന്ന് സാക്ഷി പ്രത്യക്ഷപ്പെട്ടിരിക്കുകയാണെന്നും റോഹത്ഗി പറഞ്ഞു.
എന്നാൽ, കേസിൽ പുതിയ തെളിവുകളുണ്ടെന്നും അവ അവഗണിക്കാൻ കഴിയില്ലെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി. വിചാരണക്കോടതിയെ സമീപിക്കുമ്പോള്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് നിര്‍ദേശിക്കുന്നതെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. ഇതോടെയാണ് വിചാരണക്കോടതി സമീപിച്ചാൽ വിചാരണ നീട്ടണമെന്ന ആവശ്യം പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.
അതേസമയം, വിചാരണക്കോടതിയിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെടണമെന്ന സംസ്ഥാന സർക്കാരിൻ്റെ അപേക്ഷയും സുപ്രീം കോടതി തള്ളി. ഇക്കാര്യത്തിൽ വിചാരണക്കോടതി മാത്രം സമീപിച്ചാൽ മതിയെന്ന് സുപ്രീം കോടതി പറഞ്ഞു. സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനെതിരെ നടത്തിയ പുതിയ വെളിപ്പെടുത്തലുകളിലടക്കം അന്വേഷണം വേണമെന്നും അതിനാൽ വിചാരണ സമയം നീട്ടാൻ അനുവദിക്കണമെന്നുമായിരുന്നു സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്.