കോവളം> കൊലപാതകക്കേസില് ജാമ്യമെടുത്ത് മുങ്ങിയ ‘പരേതനെ’ പൊലീസ് കയ്യോടെ പിടികൂടി. തമിഴ്നാട് രാമനാഥപുരം സ്വദേശി സീനുമുഹമ്മദി (60) നെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. കൊലപാതകക്കേസിൽ ജാമ്യമെടുത്ത് വിചാരണയ്ക്ക് ഹാജരാകാതെ വന്ന പ്രതിയെപ്പറ്റി വിവരങ്ങൾ ഇല്ലെന്നും മരിച്ചുപോയെന്നും വക്കീൽ കോടതിയിൽ അറിയിച്ചു. മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനെ തുടർന്ന് പ്രതിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മരണ സർട്ടിഫിക്കറ്റ് തേടിപ്പോയ വിഴിഞ്ഞം എസ്ഐമാരായ സമ്പത്ത്, വിനോദ് എന്നിവരടങ്ങിയ സംഘമാണ് പരേതനെ വീട്ടില് നിന്നും ജീവനോടെ പിടികൂടി സ്റ്റേഷനിലെത്തിച്ചത്.
2017 ലാണ് കേസിനാസ്പദമായ സംഭവം. വിഴിഞ്ഞം ഫിഷ് ലാൻഡിങ് സെന്ററിൽ പുതിയതായി നിർമിച്ച കെട്ടിടത്തിൽ രാത്രിയിൽ ഉറങ്ങാൻ കിടക്കവിരിക്കുന്നതുമായി ബന്ധപ്പെട്ട വാക്കേറ്റം വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി റോബർട്ടിന്റെ മരണത്തിലേക്ക് വഴിവച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളായ ജോൺസൺ, മുഹമ്മദാലി, സീനുമുഹമ്മദ് എന്നിവരെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.
ജാമ്യത്തിലിറങ്ങിയ പ്രതികളിൽ സീനുമുഹമ്മദ് തമിഴ്നാട്ടിലേക്ക് മുങ്ങി. തെളിവിന്റെ അഭാവത്തിൽ കോടതി വാറണ്ട് പുറപ്പെടുവിച്ചു. ബന്ധുക്കളെ കണ്ടെത്തി മരണ സർട്ടിഫിക്കറ്റ് വാങ്ങാൻ പുറപ്പെട്ട പൊലീസ് രാമേശ്വരത്തിന് സമീപം രാമനാഥപുരത്തെ വീട്ടിൽനിന്ന് പ്രതിയെ കണ്ടെത്തി. തുടർന്ന് സ്റ്റേഷനിൽ എത്തിച്ച സീനുമുഹമ്മദിനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.