തിരുവനന്തപുരം
റിപ്പബ്ലിക് ദിന പരേഡിനോട് അനുബന്ധിച്ചുള്ള മത്സരങ്ങളിൽ കേരള–- ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിന് ചരിത്രനേട്ടം. ദേശീയതലത്തിലെ മികച്ച കേഡറ്റിന് ഉൾപ്പെടെ ആറു മെഡൽ കേരളം സ്വന്തമാക്കി. മൂന്നു സ്വർണം, ഒരു വെള്ളി, രണ്ടു വെങ്കല മെഡലുകളുമാണ് നേടിയത്.
സീനിയർ ഡിവിഷൻ (ആർമി) വിഭാഗത്തിൽ അഖിലേന്ത്യ ബെസ്റ്റ് കേഡറ്റിനുള്ള സ്വർണ മെഡൽ പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളേജിലെ എസ് മാധവ് നേടി. സീനിയർ ഡിവിഷൻ (നേവി) വിഭാഗത്തിൽ ബെസ്റ്റ് കേഡറ്റിനുള്ള സ്വർണമെഡൽ തേവര സേക്രഡ് ഹാർട്ട്കോളേജിലെ കുരുവിള കെ അഞ്ചേരിലിനാണ്. സീനിയർ വിങ് (ആർമി) വിഭാഗത്തിൽ ബെസ്റ്റ് കേഡറ്റിനുള്ള സ്വർണമെഡൽ എറണാകുളം സെന്റ് തെരേസാസ് കോളേജിലെ കീർത്തി യാദവ് നേടി. മൂവരും 28ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രിയിൽനിന്ന് അവാർഡ് സ്വീകരിക്കും.
തേവര സേക്രഡ് ഹാർട്ട് കോളേജിലെ മീനാക്ഷി എ നായർ സീനിയർ വിങ് (നേവി) വിഭാഗത്തിൽ വെള്ളി മെഡൽ സ്വന്തമാക്കി. സീനിയർ ഡിവിഷൻ (എയർ) വിഭാഗത്തിൽ തിരുവനന്തപുരം എംജി കോളേജിലെ അർജുൻ വേണുഗോപാലും സീനിയർ വിങ് (എയർ) വിഭാഗത്തിൽ എംജി കോളേജിൽ തന്നെയുള്ള എം അക്ഷിതയും വെങ്കലം നേടി.















