കൊച്ചി> നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെ 11 മണിക്കൂർ ചോദ്യം ചെയ്തു. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സുരാജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് ആദ്യദിനം ചോദ്യം ചെയ്തത്. സംവിധായകൻ പി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നത് കള്ളക്കേസാണെന്ന് ദിലീപ് ക്രൈംബ്രാഞ്ചിനോടും ആവർത്തിച്ചു.
എന്നാൽ, ബാലചന്ദ്രകുമാർ റെക്കോഡ് ചെയ്ത സംഭാഷണത്തിലെ ശബ്ദം തന്റെയല്ലെന്ന് ദിലീപ് നിഷേധിച്ചിട്ടില്ലെന്നാണ് വിവരം. ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിനെക്കുറിച്ചും നടിയെ ആക്രമിച്ച് പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ കണ്ടുവെന്നുമുള്ള വെളിപ്പെടുത്തലിനെക്കുറിച്ചും ദിലീപിനോട് ചോദിച്ചു. ഗൂഢാലോചന നടത്തിയിട്ടില്ലെന്നും മദ്യലഹരിയിൽ പറഞ്ഞ ശാപവാക്കുകളാണ് സംഭാഷണത്തിലുണ്ടായിരുന്നതെന്നും ദിലീപ് ആവർത്തിച്ചു. പല മറുപടികളിലും പൊരുത്തക്കേടുകളുണ്ടെന്ന് അന്വേഷകസംഘം കണ്ടെത്തി. എറണാകുളം ക്രൈംബ്രാഞ്ച് എസ്പി എം പി മോഹനചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഞായർമുതൽ ചൊവ്വവരെ 33 മണിക്കൂറാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്. രാവിലെ 8.40ന് ആലുവയിലെ വീട്ടിൽനിന്നാണ് ദിലീപ്, അനൂപ്, സുരാജ് എന്നിവർ കാറിൽ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് പുറപ്പെട്ടത്. ബന്ധുക്കളും ഈ സമയം ഇവിടെ എത്തിയിരുന്നു. 8.45ന് ബൈജു ചെങ്ങമനാട്, അപ്പു എന്നിവർ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി. 8.52-ന് ദിലീപുമെത്തി. മാധ്യമപ്രവർത്തകർ പ്രതികരണം ആരാഞ്ഞെങ്കിൽ ദിലീപ് ഒന്നും പറഞ്ഞില്ല. പൊലീസ് ഉദ്യോഗസ്ഥരാണ് ഇവരെ ഓഫീസിനകത്തെത്തിച്ചത്. അന്വേഷകസംഘം അഞ്ചായി തിരിഞ്ഞാണ് ദിലീപിനെയും കൂട്ടരെയും ചോദ്യം ചെയ്തത്. ഓരോരുത്തർക്കും പ്രത്യേകം ചോദ്യാവലിയും തയ്യാറാക്കിയിരുന്നു. പ്രതികളെ തനിച്ചാണ് ചോദ്യം ചെയ്തത്. ഇതിന്റെ വീഡിയോ ചിത്രീകരിച്ചു. 26 സംഭവങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യങ്ങൾ. പല ചോദ്യങ്ങൾക്കും ഓർമയില്ല എന്നായിരുന്നു പ്രതികളുടെ മറുപടി.
ചോദ്യം ചെയ്യലിൽ ഉച്ചവരെ ലഭിച്ച വിവരങ്ങൾ അന്വേഷകസംഘം വിലയിരുത്തി. ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്, ഐജി യോഗേഷ് അഗർവാൾ എന്നിവരും സ്ഥലത്തെത്തി. ഇവരും ദിലീപിനെ ഒരുമണിക്കൂർ പ്രത്യേകം ചോദ്യം ചെയ്തു. ഞായർ രാത്രി എട്ടിന് ചോദ്യം ചെയ്യൽ അവസാനിച്ചു. രണ്ടുദിവസംകൂടി ചോദ്യം ചെയ്യൽ തുടരും.