ആലപ്പുഴ: ഹരിപ്പാട് നിന്ന് മൂന്ന് മാസം മുൻപ് കാണാതായ തമിഴ്നാട് സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം പുരോഗമിക്കുകയായിരുന്നു. രാത്രി ഭക്ഷണത്തിന് ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു മൂന്നുമാസംമുൻപ് കാർത്തികപ്പള്ളിയിൽനിന്നു കാണാതായ കന്യാകുമാരി കുമാരപുരം മുട്ടക്കാട് വലിയപറമ്പിൽ ടി. സേവ്യർ (37)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
രാത്രി ഇയാൾ ഗ്രാമപ്രദേശത്തെ റോഡിലൂടെ നടന്നുപോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ നേരത്തെ കിട്ടിയിരുന്നു. എന്നാൽ, പ്രധാന റോഡിൽ എത്തിയതായോ വാഹനത്തിൽ കയറിപ്പോയതായോ മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഇയാൾ രഹസ്യമായി നാടുവിട്ടിരിക്കാമെന്നായിരുന്നു പോലീസ് നിഗമനം. ഒടുവിൽ, പോലീസും നാട്ടുകാരും പലപ്രാവശ്യം തിരഞ്ഞ സ്ഥലത്തുതന്നെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൃതദേഹം വലിയകുളങ്ങര ക്ഷേത്രത്തിനുവടക്കുള്ള വെള്ളക്കെട്ടിലാണു കണ്ടെത്തിയത്. മാസങ്ങളോളം വെള്ളം നിറഞ്ഞുകിടക്കുന്ന പാടശേഖരമാണിത്. ഇതിനു സമീപത്തുകൂടി നടവഴിയുണ്ട്. ഒക്ടോബർ 14-നാണ് സേവ്യറെ കാണാതായത്. ഈ സമയത്ത് ഇവിടെ വെള്ളംനിറഞ്ഞ നിലയിലായിരുന്നു.
സേവ്യർ നിർമാണത്തൊഴിലാളിയായായിരുന്നു. കാണാതായദിവസം മറ്റൊരു തൊഴിലാളികൂടി സേവ്യറിനൊപ്പമുണ്ടായിരുന്നു. ഇയാൾ പണിനടക്കുന്ന വീടിന്റെ മുകളിലത്തെ നിലയിലാണുറങ്ങിയത്. രാത്രി സേവ്യർ ഇവിടെനിന്നു പുറത്തേക്കുപോകുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നെങ്കിലും അന്വേഷണത്തിന് സഹായകമാകുന്നവിധത്തിലെ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.
കന്യാകുമാരിയിൽനിന്നു സേവ്യറിന്റെ ഭാര്യയും കുടുംബാംഗങ്ങളും പലപ്രാവശ്യം ഇവിടെയെത്തി അന്വേഷിച്ചിരുന്നു. തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനിലും വിവരങ്ങൾ അന്വേഷിച്ചു മടങ്ങി.
ശനിയാഴ്ച മൃതദേഹം കണ്ടവിവരം പോലീസ് ബന്ധുക്കളെ അറിയിച്ചു. സേവ്യർ ധരിച്ചിരുന്ന മാലയും വസ്ത്രങ്ങളും ഇവർ തിരിച്ചറിഞ്ഞിട്ടുണ്ട്. മൊബൈൽഫോൺ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തിൽ പോലീസ് അന്വേഷണം നടത്തിയത്. ഇതിലും ഫലം ലഭിച്ചില്ല. ഇങ്ങനെ അന്വേഷണം അനിശ്ചിതത്വത്തിൽ നിൽക്കുമ്പോഴാണ് മൃതദേഹം കണ്ടെടുത്തത്.
Content Highlights: dead body of man who was missing since three months found