തിരുവനന്തപുരം
മോണോക്ലോണൽ ആന്റിബോഡി കോക്ക്ടെയിലിന്റെ അനാവശ്യ ഉപയോഗം ഒഴിവാക്കി അത്യാവശ്യമുള്ള രോഗികൾക്ക് മാത്രം നൽകാൻ ആരോഗ്യവകുപ്പ് മാർഗരേഖ പുറത്തിറക്കി.
വാക്സിനെടുക്കാത്ത ഉയർന്ന അപകട സാധ്യതയുള്ളവർ, വാക്സിൻ എടുത്തെങ്കിലും പ്രതിവസ്തു(ആന്റിബോഡി) പ്രതിരോധം കുറവായവര് എന്നിവരിലാണ് മോണോക്ലോണൽ ആന്റിബോഡി കോക്ക്ടെയിൽ ചികിത്സ കൂടുതൽ ഫലപ്രാപ്തി ഉണ്ടാക്കുക. എച്ച്ഐവി–-അർബുദരോഗികൾ, ദീർഘ കാലമായി സ്റ്റിറോയിഡ് എടുക്കുന്നവർ, അവയവം മാറ്റിവച്ചവർ, ഡയാലിസിസ് ചെയ്യുന്നവർ, തീവ്ര കരൾ രോഗമുള്ളവർ, ഹൃദയത്തിന്റെ പ്രവർത്തനം വളരെ കുറഞ്ഞവർ, ശ്വാസകോശ സംബന്ധമായ ഗുരുതര രോഗമുള്ളവർ എന്നിവരാണ് ഈ വിഭാഗത്തിൽ പെടുന്നത്. ഇവർക്ക് ഈ പ്രതിരോധമരുന്ന് ഉപയോഗിക്കാം. കോവിഡ് വാക്സിൻ എടുത്തവർക്ക് ഒമിക്രോണോ, ഡെൽറ്റയോ ബാധിച്ചാലും രോഗതീവ്രത കുറവായിരിക്കും. ഇവരില് മോണോക്ലോണൽ ആന്റിബോഡി കോക്ക്ടെയിൽകൊണ്ട് ഉപയോഗമുണ്ടാകാനുള്ള സാധ്യതയും കുറവാണ്.
തിരിച്ചറിയാൻ എസ്ജിടിഎഫ്
ഒമിക്രോണും ഡെൽറ്റയും തിരിച്ചറിയാനായി എസ്ജിടിഎഫ് (എസ് ജീൻ ടാർഗറ്റ് ഫെയിലിയർ) സങ്കേതമോ, ഒമിഷ്വർ ആർടിപിസിആർ കിറ്റോ ഉപയോഗിക്കാം. കിറ്റുകൾ ലഭ്യമായ സ്ഥലങ്ങളിൽ മോണോക്ലോണൽ ആന്റിബോഡി കോക്ക്ടെയിന്റെ ഉപയോഗം ഈ പരിശോധന അടിസ്ഥാനമാക്കിയും കിറ്റുകൾ ലഭ്യമല്ലാത്ത ആശുപത്രികളിൽ പരമാവധി പ്രയോജനം ലഭിക്കുന്ന രോഗികൾക്കും മാത്രമാകണം. എല്ലാ ആശുപത്രികളും ഈ നിർദേശം പിന്തുടരണം.
വാക്സിനേഷന് കാലതാമസം പാടില്ല
കോവിഡ് വാക്സിനേഷൻ ഡോസുകളുടെ ഇടയിൽ ആരും കാലതാമസം വരുത്തരുതെന്ന് ആർആർടി അവലോകന യോഗം നിർദേശിച്ചു. കൃത്യമായ ഇടവേളയിൽ രണ്ട് ഡോസും സ്വീകരിക്കണം. രണ്ടാം ഡോസ് എടുത്ത് ഒമ്പത് മാസത്തിനുശേഷം കരുതൽ ഡോസിന് അർഹരായവർ അതും സ്വീകരിക്കണം. സംസ്ഥാനത്തെ സമ്പൂർണ വാക്സിനേഷൻ 83 ശതമാനമായി. ഒരു ഡോസ് പൂർണ വാക്സിനേഷനായി കണക്കാക്കില്ല.
ആദ്യ ഡോസിലൂടെ ശരീരം കോവിഡ് പ്രതിരോധത്തിന് തുടക്കമിടും. ഭാഗിക പരിരക്ഷ ലഭ്യമാകും. രണ്ടാം ഡോസ് രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. രണ്ടാഴ്ച കഴിയുമ്പോഴാണ് ശരീരം പൂർണമായി പ്രതിരോധശേഷി ആർജിക്കുന്നത്. കോവിഷീൽഡുപോലെ കോവാക്സിനും ഫലപ്രദവും സുരക്ഷിതവും ആണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.