മുംബൈ
ഐപിഎൽ താരലേലത്തിനുള്ള അന്തിമപട്ടികയായി. ആകെ 1214 കളിക്കാർ ഇടംപിടിച്ചു. മുൻ ഇന്ത്യൻ താരവും മലയാളി പേസറുമായ എസ് ശ്രീശാന്ത് പട്ടികയിലുണ്ട്. 50 ലക്ഷമാണ് മുപ്പത്തെട്ടുകാരന്റെ അടിസ്ഥാനവില. 896 ഇന്ത്യൻ കളിക്കാരും 318 വിദേശികളുമാണ് ലേലത്തിൽ.
ഫെബ്രുവരി 12നും 13നും ബംഗളൂരുവിലാണ് മഹാലേലം. മാർച്ച് 27ന് ഐപിഎൽ പുതിയ സീസൺ ആരംഭിക്കും. ഇന്ത്യയിൽ തന്നെയാകും മത്സരങ്ങൾ.
നാൽപ്പത്തൊമ്പതു കളിക്കാർ ഏറ്റവും ഉയർന്ന അടിസ്ഥാനവിലയായ രണ്ടുകോടി രൂപയുടെ പട്ടികയിലുണ്ട്. ഒന്നരക്കോടി, ഒരുകോടി എന്നിങ്ങനെയാണ് മറ്റ് അടിസ്ഥാനവിലകൾ. പുതുതായി വന്ന ലഖ്നൗ, അഹമ്മദാബാദ് ഉൾപ്പെടെ ആകെ 10 ടീമുകൾ. എട്ടു ടീമുകൾ നാലോളം കളിക്കാരെ നിലനിർത്തി. ലഖ്നൗ ലോകേഷ് രാഹുൽ, മാർക്സ് സ്റ്റോയിനിസ്, രവി ബിഷ്ണോയ് എന്നിവരെ സ്വന്തമാക്കി. 17 കോടി രൂപയാണ് രാഹുലിന്റെ വില. വിരാട് കോഹ്ലിക്കൊപ്പം ഐപിഎലിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമായി ഇതോടെ രാഹുൽ.
അഹമ്മദാബാദ് ഹാർദിക് പാണ്ഡ്യ, റഷീദ് ഖാൻ, ശുഭ്മാൻ ഗിൽ എന്നിവരെ സ്വന്തമാക്കി. ക്രിസ് ഗെയ്ൽ, ബെൻ സ്റ്റോക്സ്, ജോഫ്ര ആർച്ചെർ, മിച്ചെൽ സ്റ്റാർക്, ജോ റൂട്ട് എന്നിവർ ലീഗിനില്ല.