സംസ്ഥാനത്ത് കോവിഡ് സാഹചര്യത്തില്‍ ജില്ലാ കോവിഡ് കണ്ട്രോള് റൂമുകളിലെ കോള്‍ സെന്ററുകളില്‍ കൂടുതല്‍ ഫോണ്‍ നമ്പരുകള്‍ സജ്ജമാക്കി. കോവിഡ് രോഗികളുടെ ചികിത്സയുമായും ക്വാറന്റൈനുമായും ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് അതത് ജില്ലകളില്‍ തന്നെ വിളിക്കാനായാണ് ജില്ലാ കോള്‍ സെന്ററുകള്‍ സജ്ജമാക്കിയിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
ഗൃഹ നിരീക്ഷണം, പാലിക്കേണ്ട സുരക്ഷാ നടപടികള്‍, ചികിത്സ തുടങ്ങിയവയെ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് വിളിക്കാവുന്നതാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ കോവിഡ് രോഗിയെ ആശുപത്രിയില്‍ മാറ്റുന്നതിന് സഹായിക്കുകയും ചെയ്യും. ഇതുകൂടാതെ സംസ്ഥാന തലത്തില്‍ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ 24 മണിക്കൂറും വിളിക്കാവുന്നതാണ്. കോവിഡിനെപ്പറ്റിയുള്ള എല്ലാവിധ സംശയങ്ങള്‍ക്കും ഡോക്ടറുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും ദിശയില്‍ വിളിക്കാവുന്നതാണ്.
അതേസമയം സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ അമ്പത് ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്കായി നീക്കിവെക്കണമെന്ന് വീണ ജോർജ്ജ് ആവശ്യപ്പെട്ടിരുന്നു. കൊവിഡ് ഇതര രോഗികളുടെ ദൈനംദിന കണക്കുകൾ സ്വകാര്യ ആശുപത്രികൾ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറണം. ആശുപത്രിയിലെ ഐസിയു സൗകര്യം, വെൻ്റിലേറ്റർ എന്നിവയുടെ വിവരങ്ങളും കൈമാറണം.
വിവരങ്ങൾ കൈമാറാൻ തയ്യാറാകാത്ത ആശുപത്രികൾക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കൊവിഡ് വ്യാപനത്തിൻ്റെ ആദ്യ രണ്ട് ഘട്ടങ്ങളിലും സ്വകാര്യ ആശുപത്രികളിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചത്. ഈ പിന്തുണ ഈ ഘട്ടത്തിലും ലഭ്യമാക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു.