വിവരങ്ങൾ കൈമാറാൻ തയ്യാറാകാത്ത ആശുപത്രികൾക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കൊവിഡ് വ്യാപനത്തിൻ്റെ ആദ്യ രണ്ട് ഘട്ടങ്ങളിലും സ്വകാര്യ ആശുപത്രികളിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചത്. ഈ പിന്തുണ ഈ ഘട്ടത്തിലും ലഭ്യമാക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു.
കൊവിഡിൻ്റെ അതിതീവ്ര വ്യാപന സമയമായതിനാൽ കൊവിഡ് വാക്സിനേഷൻ്റെ കാര്യത്തിൽ കാലതാമസം വരുത്തരുതെന്ന് സംസ്ഥാന റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ (ആര്.ആര്.ടി) യോഗം വ്യക്തമാക്കി. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് 9 മാസത്തിന് ശേഷം കരുതൽ ഡോസിന് അർഹരായവർ മുന്നാമത്തെ വാക്സിനും സ്വീകരിക്കണം.
ഇനിയും വാക്സിൻ സ്വീകരിക്കാത്തവർ വാക്സിനെടുക്കാൻ തയ്യാറാകണം. കൊവിഷീൽഡിനെ പോലെ കൊവാക്സിനും ഫലപ്രദവും സുരക്ഷിതവുമാണ്. ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവരെ വാക്സിനേഷൻ പൂർത്തിയാക്കിയവർക്കൊപ്പം ഉൾപ്പെടുത്തില്ല. കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കുന്നതിനൊപ്പം എല്ലാവരും എൻ 95 മാസ്കോ ഡബിൾ മാസ്കോ ധരിക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കേരളത്തിൽ ഇന്ന് 45,136 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,324 പേര് രോഗമുക്തി നേടി. 2,47,227 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,97,971 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,85,516 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,77,086 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8430 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1124 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 70 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീം കോടതി വിധിപ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 62 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,739 ആയി ഉയർന്നു.