തിരുവനന്തപുരം> സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിൽ ജിസ്യൂട്ട് ഓൺലൈൻ പ്ലാറ്റ്ഫോമിൽ മുഴുവൻ ഹൈസ്കൂൾ- ഹയർസെക്കൻഡറി അധ്യാപകർക്കും പരിശീലനവും ലോഗിൻ ഐഡിയും നൽകിയിട്ടുണ്ട്. എട്ടു മുതൽ പത്ത് വരെയും പ്ലസ് ടുവിലെയും കുട്ടികൾക്ക് ലോഗിൻ ഐഡി നൽകി ക്ലാസുകൾ നടന്നുവരുന്നുണ്ട്. പ്ലസ് വൺ അഡ്മിഷൻ നടപടിക്രമങ്ങൾ ഈ ആഴ്ച പൂർണമായതിന്റെ അടിസ്ഥാനത്തിൽ പ്ലസ് വൺ കുട്ടികൾക്കും ലോഗിൻ ഐഡികൾ ഈ മാസത്തോടെ പൂർണമാകുമെന്ന് മന്ത്രി അറിയിച്ചു.
വിദ്യാകിരണം പദ്ധതിയുടെ ആദ്യഘട്ടമായി മുഴുവൻ എസ് ടി കുട്ടികൾക്കും 10, 12 ക്ലാസുകളിലെ എസ് സി കുട്ടികൾക്കുമായി 45,313 ലാപ്ടോപ്പുകൾ നൽകിക്കഴിഞ്ഞു. ഇവയും സ്കൂളുകളിൽ നേരത്തെ ലഭ്യമാക്കിയ 1.2 ലക്ഷം ലാപ്ടോപ്പുകളും ആവശ്യമുള്ള കുട്ടികൾക്ക് പൊതുവായി ഉപയോഗിക്കാനും അവസരം നൽകിയിട്ടുണ്ട്. നവംബർ ഒന്നു മുതൽ സ്കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾക്കൊപ്പം കൈറ്റ്- വിക്ടേഴ്സ് വഴിയുള്ള ഡിജിറ്റൽ ക്ലാസുകളും ഓൺലൈൻ ക്ലാസ്സുകളും ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് പറഞ്ഞിരുന്നു. ഇതനുസരിച്ച് കൈറ്റ്- വിക്ടേഴ്സ് വഴിയുള്ള ഡിജിറ്റൽ ക്ലാസുകൾ മുൻകൂട്ടി അറിയിക്കുന്ന സമയക്രമത്തിൽ നൽകി വരികയാണ്.
ജനുവരി 21 മുതൽ ഈ ക്ലാസ്സുകളുടെ പുന:ക്രമീകരിച്ച സമയക്രമവും കൈറ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഈ ക്ലാസുകളുടെ തുടർ പിന്തുണ നേരത്തെ സ്കൂളുകൾ വഴി നൽകി വന്നിരുന്നത് ഒമ്പത് വരെ ക്ലാസ്സുകൾക്ക് ഇനി ഡിജിറ്റൽ സംവിധാനങ്ങൾ ഉൾപ്പെടെ പ്രയോജനപ്പെടുത്തി അധ്യാപകർ നൽകണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. സ്കൂൾ കേന്ദ്രീകരിച്ചുള്ള ഡിജിറ്റൽ ക്ലാസ്സുകളുടെ തൽസമയ പിന്തുണ നൽകുന്നതിനും ഓൺലൈൻ ക്ലാസുകൾ എടുക്കുന്നതിലും പ്രാദേശികമായ സമയക്രമം അധ്യാപകർ പുലർത്തിപ്പോരുന്നതിനാൽ ഇക്കാര്യത്തിൽ ആശയക്കുഴപ്പങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.