തിരുവനന്തപുരം
മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ആരോഗ്യപരിശോധനയ്ക്ക് പോയതിനെ കെ സുധാകരൻ പരിഹസിച്ചത് ‘സുഖ’ ചികിത്സയിലിരുന്ന്. തിരുവനന്തപുരത്തിനടുത്ത ആശ്രമത്തിൽ ആയുർവേദ കേന്ദ്രത്തിലാണ് സുധാകരന്റെ സുഖ ചികിത്സ. പ്രത്യേക സജ്ജീകരണങ്ങളുള്ള ‘സ്യൂട്ട് റൂം’ തെരഞ്ഞെടുത്ത സുധാകരൻ അവിടെ കിടന്നാണ് മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും ചികിത്സയെ പരിഹസിച്ചും ആക്ഷേപിച്ചുമുള്ള കത്ത് തയ്യാറാക്കിയത്.
എറണാകുളത്ത് തട്ടിപ്പുകാരനായ മോൻസൺ മാവുങ്കലിന്റെ ‘ചികിത്സാലയ’ത്തിലെ പതിവ് സുഖചികിത്സക്കാരനായിരുന്നു സുധാകരൻ. ഇതിന്റെ ചിത്രങ്ങൾ സഹിതം വിവരങ്ങൾ പുറത്തുവന്നിരുന്നു. അവിടെ പതിവായി പോകുന്നതെന്തിനെന്ന ചോദ്യത്തിന് കണ്ണ് ചികിത്സയ്ക്ക് എന്നായിരുന്നു ഉത്തരം. തുടർച്ചയായി അവിടെ എത്തുന്നതിന് പിന്നിൽ മറ്റ് പല കാരണങ്ങളുമുണ്ടെന്ന് ആക്ഷേപമുയർന്നിരുന്നു.
മുൻകൂട്ടിയുള്ള തീരുമാനപ്രകാരം മുഖ്യമന്ത്രി അമേരിക്കയിൽ തുടർചികിത്സയ്ക്ക് പോയത് രഹസ്യമല്ലെന്നും സുധാകരൻ രഹസ്യമായി എന്തുതരം ചികിത്സയാണ് നടത്തുന്നതെന്നും കോൺഗ്രസ് വിട്ട് സിപിഐ മ്മിനൊപ്പം ചേർന്ന പി എസ് പ്രശാന്ത് ചോദിച്ചു. അമേരിക്കയിലിരിക്കുമ്പോഴും മന്ത്രിസഭായോഗം വിളിച്ചും കോവിഡ് നിയന്ത്രണ നടപടി എടുത്തും മുഖ്യമന്ത്രി ഉത്തരവാദിത്വം നിർവഹിക്കുകയാണ്. സുധാകരൻ ആശ്രമത്തിൽ എന്ത് ചെയ്യുകയാണെന്നും പ്രശാന്ത് ഫെയ്സ്ബുക്കിൽ ചോദിച്ചു.
കത്തും കുത്തും : തുടർച്ചയായി അപഹാസ്യനായി കെ സുധാകരൻ
മുതിർന്ന നേതാക്കളുടെ ഉപദേശം ചവറ്റുകൊട്ടയിലെറിഞ്ഞ് കെപിസിസി അധ്യക്ഷ പദവിക്ക് തീരാകളങ്കമായി കെ സുധാകരൻ. സുധാകരൻ എഴുതിയ കത്താണ് കോൺഗ്രസ് നേതാക്കൾക്കും അണികൾക്കും അഭ്യൂദയകാംക്ഷികൾക്കും നാണക്കേടുണ്ടാക്കിയത്. എടുത്തുചാട്ടവും ധിക്കാരവും കൈമുതലാക്കിയ സുധാകരന്റെ ഇത്തരം നീക്കങ്ങളുടെ ഭവിഷ്യത്ത് വലുതായിരിക്കുമെന്നാണ് നേതാക്കളുടെ അടക്കം പറച്ചിൽ.
ഏറ്റവും പ്രാകൃതമായ ഭാഷയിൽ, മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ആശയങ്ങളാണ് കത്തിന്റെ രൂപത്തിൽ സുധാകരൻ ട്വിറ്ററിൽ പ്രസിദ്ധീകരിച്ചത്. അമേരിക്കയിൽ ആരോഗ്യ പരിശോധനയ്ക്കുപോയ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും അപഹസിച്ചായിരുന്നു കത്തെഴുതിയത്. ആയിരക്കണക്കിന് കോൺഗ്രസ് ഗ്രൂപ്പുകളിൽ ഇത് പ്രചരിപ്പിക്കുന്നുമുണ്ട്. അതിനിടെ സമൂഹ മാധ്യമങ്ങളിൽ എതിർപ്പുയർന്നതോടെ മണിക്കൂറുകൾക്കകം കത്ത് സുധാകരന്റെ ട്വിറ്റർ അക്കൗണ്ടിൽനിന്ന് പിൻവലിച്ചു.
‘ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രിയുടെ യാത്രയൊന്നും വിവാദമാക്കണ്ടയെന്നാണ് കെപിസിസിയുടെ തീരുമാനമെന്നാണ് ’ കെ മുരളീധരൻ പ്രതികരിച്ചത്. അങ്ങനെങ്കിൽ അധ്യക്ഷൻതന്നെ ഇത്തരമൊരു കത്തെഴുതിയത് പാർടി തീരുമാനത്തിന് വിരുദ്ധമാണ്. മാത്രമല്ല, കത്തിലെ ആഭാസത്തരങ്ങൾ സുധാകരൻ പറഞ്ഞുകൊടുത്തതും പലതവണ വായിച്ച് തിരുത്തിയതുമാണ്. ‘ശക്തിപോര’ എന്ന് പറഞ്ഞ് കത്തിലെ വാക്കുകളും മാറ്റി !
ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ യൂത്ത് കോൺഗ്രസ് നേതാവ് കുത്തിക്കൊന്നതിലെ സുധാകരന്റെ പ്രതികരണം കൊലപാതകം പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ആക്ഷേപമുയർന്നിരുന്നു. ‘ തന്റെ കുട്ടികൾ രണ്ടും കൽപ്പിച്ച് ഇറങ്ങിയിട്ടുണ്ട് ’ എന്നായിരുന്നു മുന്നറിയിപ്പ്. ഇതും നാണക്കേടുണ്ടാക്കിയതായി മറ്റ് കോൺഗ്രസ് നേതാക്കൾക്ക് പറയേണ്ടിവന്നു.
തിരുവനന്തപുരം പ്രസ്ക്ലബ്ബിന്റെ മീറ്റ് ദ പ്രസിൽ ധീരജിന്റെ കൊലപാതകം ചോദ്യങ്ങളോടും ധിക്കാരപൂർവ്വമാണ് മറുപടി പറഞ്ഞത്. ഇത് പാർടിയുടെ ശക്തി ചോർത്തിക്കളയുന്നുവെന്ന ആക്ഷേപവും പാർടിയിൽ ശക്തമാണ്.