കളമശേരി
സിനിമാമേഖലയിലെ പ്രശ്നങ്ങൾസംബന്ധിച്ച് നിയമനിർമാണം പരിഗണനയിലുണ്ടെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. വിമെൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) പ്രവർത്തകരുമായി കുസാറ്റ് ഗസറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിലിടത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമനിർമാണം നടത്തണമെന്ന ഡബ്ല്യുസിസി പ്രവർത്തകരുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കൂടിക്കാഴ്ച.
അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നേരത്തേതന്നെ ഒരു റഗുലേറ്ററി അതോറിറ്റി ബിൽ സർക്കാർ ആലോചിച്ചിരുന്നു. തുടർന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് മൂന്നംഗസമിതി പഠിച്ചുവരികയാണ്. ഈ സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം സമഗ്ര നിയമനിർമാണം ആലോചിക്കും. ഭരണവകുപ്പും സാംസ്കാരികവകുപ്പും നിയമനിർമാണത്തിനുള്ള പ്രവർത്തനം നേരത്തേ തുടങ്ങിയിട്ടുണ്ട്. ഇത് സമയബന്ധിതമായി പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഹേമ കമീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് ഡബ്ല്യുസിസിപോലും ആവശ്യപ്പെട്ടിട്ടില്ല. കണ്ടെത്തലുകൾ മാത്രമേ പുറത്തുവിടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. നിയമനിർമാണത്തിനുമുമ്പ് തങ്ങളുമായി ചർച്ച നടത്തണമെന്ന് ഡബ്ല്യുസിസി അംഗങ്ങൾ ആവശ്യപ്പെട്ടു. ഡബ്ല്യുസിസി പ്രവർത്തകരായ റിമ കല്ലിങ്കൽ, രഞ്ജിനി, ദിവ്യ ഗോപിനാഥ്, ആശ അച്ചു ജോസഫ്, മിറ്റ ആന്റണി, കെ ജെ ജീവ, എം സി മിത, സംഗീത ജനചന്ദ്രൻ, ദേവകി ഭാഗി, ഫൗസിയ ഫാത്തിമ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.