കാസർക്കോട്: ഹൈക്കോടതി ഇടപെടലിന് പിന്നാലെ സിപിഎം കാസർക്കോട്ജില്ലാ സമ്മേളനം വെള്ളിയാഴ്ചതന്നെ അവസാനിപ്പിക്കാൻ തീരുമാനം. 50-ൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് ജില്ലയിൽ ഒരു സമ്മേളനവും നടത്തരുതെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കോവിഡ് വ്യാപനത്തനിടയിൽ സിപിഎം സമ്മേളനങ്ങൾ നടക്കുന്നതിനെതിരെ വ്യാപക വിമർശനങ്ങളുയർന്നിരുന്നു. ഇതിനിടെ പൊതുസമ്മേളനങ്ങൾ വിലക്കിക്കൊണ്ട് കാസർക്കോട് ജില്ലാ കളക്ടർ വ്യാഴാഴ്ച ഒരു ഉത്തരവിറക്കി. രണ്ടു മണിക്കൂറിനകം ഇത് പിൻവലിക്കുകയും ചെയ്തു. സിപിഎം ജില്ലാ സമ്മേളനം വെള്ളിയാഴ്ചതുടങ്ങാനിക്കെ സമ്മർദത്തെ തുടർന്നാണ് ജില്ലാ കളക്ടർ ഉത്തരവ് പിൻവലിച്ചതെന്ന് ആക്ഷേപമുയർന്നിരുന്നു. എന്നാൽ, ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളുടെ എണ്ണം അടിസ്ഥാനമാക്കിയുള്ള സർക്കാരിന്റെ പുതിയ മാർഗനിർദേശ പ്രകാരമാണ് ഉത്തരവ് പിൻവലിച്ചതെന്നായിരുന്നു കളക്ടറുടെ വിശദീകരണം.
ഉത്തരവ് പിൻവലിച്ച നടപടിക്കെതിരേ നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് ഹൈക്കോടതി കാസർക്കോട് ജില്ലയിൽ 50-ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടിക്ക് വിലക്കേർപ്പെടുത്തിയത്. ഒരാഴ്ചത്തേക്ക് വിലക്കേർപ്പെടുത്താനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതേത്തുടർന്നാണ് സിപിഎമ്മിന് വെള്ളിയാഴ്ച തുടങ്ങിയ ജില്ലാ സമ്മേളനം വെള്ളിയാഴ്ച തന്നെ അവസാനിപ്പിക്കേണ്ടി വന്നത്.
ഉത്തരവ് വിവാദമായതിന് പിന്നാലെ കാസർക്കോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധിയിൽ പ്രവേശിച്ചു. ശനിയാഴ്ച മുതൽ ഫെബ്രുവരി ഒന്ന് വരെയാണ് അവധി എടുത്തിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് അവധിയിൽ പോകുന്നതെന്നാണ് വിശദീകരണം. പകരം എഡിഎമ്മനാണ് ചുമതല.