തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനത്തിന് കാരണം സിപിഎം പാർട്ടി സമ്മേളനങ്ങളാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആരോപണത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോവിഡ് മാനദണ്ഡങ്ങൾ കാറ്റഗറി അടിസ്ഥാനത്തിൽ നിശ്ചയിച്ചത് സംസ്ഥാന സർക്കാരാണ്. സിപിഎം അതിൽ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. സിപിഎമ്മിന്റെ ആളുകൾക്ക് രോഗം വരണമെന്ന ആഗ്രഹം സിപിഎമ്മിന് ഉണ്ടാകുമോയെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി ചോദിച്ചു.
സിപിഎം സമ്മേളനങ്ങൾ നടക്കുന്നത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണെന്നും നടൻ മമ്മൂട്ടിയെ പോലുള്ളവർക്ക് കോവിഡ് ബാധിച്ചത് ഏത് സമ്മേളനത്തിൽ പങ്കെടുത്തിട്ടാണെന്നും കോടിയേരി സതീശന് നൽകിയ മറുപടിയിൽ ചോദിക്കുന്നു. സമ്മേളനത്തോടനുബന്ധിച്ച് പല പരിപാടികളും വേണ്ടെന്ന് വെച്ചു. പൊതുസ്ഥലങ്ങളിൽ സമ്മേളന പരിപാടികളൊന്നുമില്ല.
കളക്ടർമാരുടെ അനുവാദത്തോടുകൂടിയാണ് ഹാളുകളിൽ പരിപാടി നടത്തുന്നതെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന സമ്മേളനം ആകുമ്പോഴേക്കും സ്ഥിതി മാറുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നത്. സമ്മേളനങ്ങൾ മുടങ്ങിയാൽ അത് പാർട്ടിയുടെ ജനാധിപത്യ രീതിയിലുള്ള പ്രവർത്തനത്തെ ബാധിക്കുമെന്നും അദ്ദേഹം മുൻപ് പറഞ്ഞിരുന്നു.
പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുത്ത് കോവിഡ് പോസിറ്റീവായ നൂറ് കണക്കിന് സിപിഎം നേതാക്കളുണ്ടെന്നും. പലരും ക്വാറന്റീനിൽ പോലും പോകാതെ രോഗവാഹകരായി മാറുന്നുവെന്നുമാണ് വി.ഡി സതീശൻ ആരോപിച്ചത്. സിപിഎം ജില്ലാ സമ്മേളനങ്ങൾ നടക്കുന്ന ജില്ലകളെ ഒരു കാറ്റഗറിയിലും ഉൾപ്പെടുത്തിയില്ല. മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത് എ.കെ.ജി സെന്ററിൽ നിന്നാണെന്നും സതീശൻ ആരോപിച്ചിരുന്നു.
Content Highlights: Kodiyeri Balakrishnan responseto V.D.Satheesan