പത്തിലധികം പേർക്ക് ഒരു സ്ഥാപനത്തിൽ കൊവിഡ് വന്നുകഴിഞ്ഞാൽ ക്ലസ്റ്റർ രൂപപ്പെട്ടതായി മനസിലാക്കണം. അഞ്ച് വലിയ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ സംസ്ഥാപനം അടയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കണം. സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ക്ലസ്റ്റർ മാനേജ്മെൻ്റ് ഗൈഡ് ലൈൻ പുറത്തിറക്കിയതായി മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച 1,99,041 പേരിൽ മൂന്ന് ശതമാനം പേർ മാത്രമാണ് ആശുപത്രിയിലുള്ളത്. 0.7 ശതമാനത്തിനാണ് ഓക്സിജൻ കിടക്ക നിലവിൽ ആവശ്യമുള്ളത്. 0.6 പേർക്ക് ഐസിയു ആവശ്യമുണ്ട്. സർക്കാർ ആശുപത്രികളിലെ വെൻ്റിലേറ്ററുകളുടെ ഉപയോഗത്തിൽ രണ്ട് ശതമാനം കുറവുണ്ടായി.
ആരോഗ്യവകുപ്പ് പുറത്തിറക്കിയ ക്ലസ്റ്റർ മാനേജ്മെൻ്റ് ഗൈഡ് ലൈൻ അനുസരിച്ച് എല്ലാ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഇൻഫക്ഷൻ കൺട്രോൺ ടീം ഉണ്ടായിരിക്കണം. ചെക്ക് ലിസ്റ്റ് ഉപയോഗിച്ച് ദിവസവും രോഗലക്ഷണ പരിശോധന നടത്തണം. തെരഞ്ഞെടുത്ത ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ ടീം അംഗങ്ങൾക്ക് സ്ഥാപനങ്ങളിലും ഓഫീസുകളിലും പിന്തുടരേണ്ട മാർഗനിർദേശം സംബന്ധിച്ച് പരിശീലനം നൽകണം. പരിശീലനം സംബന്ധിച്ച പിന്തുണ ആരോഗ്യപ്രവർത്തകർ ജില്ലാ അടിസ്ഥാനത്തിൽ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
സാധ്യമാകുന്നിടത്തെല്ലാം ഓഫീസുകളും സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ ശ്രമിക്കണം. എല്ലാ ഓഫീസുകളിലും സ്ഥാപനങ്ങളിലും വെൻ്റിലേറ്റഡ് സ്പെയ്സസ് ഉണ്ടായിരിക്കണം. അതിനൊപ്പം ഓഫീസിനുള്ളിൽ കൃത്യമായി മാസ്ക് ധരിക്കണം. ഇക്കാര്യത്തിൽ ഉറപ്പുവരുത്തുകയും വേണം.
ക്ലസ്റ്റര്‍ മാനേജ്‌മെന്റ്
ഔട്ട്‌ബ്രേക്ക് മാനേജ്‌മെന്റ് സ്ഥലത്തും സമയത്തും ഗ്രൂപ്പുചെയ്ത കേസുകളുടെ സംയോജനമായാണ് ഒരു ക്ലസ്റ്റര്‍ നിര്‍വചിച്ചിരിക്കുന്നത്. രണ്ട് വ്യക്തികള്‍ക്ക് ഏഴ് ദിവസത്തിനുള്ളില്‍ ഒരേ ക്ലാസിലോ ഓഫീസ് മുറിയിലോ സ്ഥാപനത്തിലോ ഓഫീസിലോ ഒരേ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കിടയിലോ രോഗം വരുമ്പോഴാണ് ഒരു ക്ലസ്റ്റര്‍ രൂപപ്പെടുന്നത്. ഒരു ക്ലസ്റ്ററിന്റെ കാര്യത്തില്‍, രോഗം വരാന്‍ ഏറെ സാധ്യതയുള്ള സമ്പര്‍ക്കത്തിലുള്ളവരെ ഐസിടി കണ്ടെത്തി അവരെ ക്വാറന്റൈന്‍ ചെയ്യണം. എന്‍ 95 മാസ്‌കിന്റെ ഉപയോഗം, ശാരീരിക അകലം, കൈകളുടെ ശുചിത്വം എന്നിവ പാലിക്കണം. ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ എന്‍ 95 മാസ്‌ക് നീക്കം ചെയ്യുമ്പോഴാണ് സാധാരണയായി ഓഫീസില്‍ വ്യാപനമുണ്ടാകുന്നത്. ഓഫീസുകളില്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നില്ലെന്ന് ഐസിടി ഉറപ്പാക്കണം.
പത്തിലധികം ആളുകളിലധികം കോവിഡ് ബാധിച്ചാല്‍ ആ പ്രദേശം ലാര്‍ജ് ക്ലസ്റ്ററാകും. പത്തിലധികം പേര്‍ക്ക് രോഗബാധയേറ്റിട്ടുള്ള 5 ക്ലസ്റ്ററുകളിലധികം ഉണ്ടെങ്കില്‍ മാത്രം പ്രാദേശിക ആരോഗ്യ അധികൃതരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനം അല്ലെങ്കില്‍ ഓഫീസ് 5 ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിക്കാവുന്നതാണ്. സാധ്യമാകുന്നിടത്തെല്ലാം സ്ഥാപനങ്ങളും ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കണം. അടച്ചുപൂട്ടല്‍ അവസാന ഓപ്ഷനായി മാത്രമേ പരിഗണിക്കാവൂ.
ഓഫീസ് സമയങ്ങളില്‍ എല്ലാ ഉദ്യോഗസ്ഥരും ശരിയായ വിധം എന്‍ 95 മാസ്‌ക് ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കണം. കോവിഡ് രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ പരിശോധന നടത്തണം. ഓഫീസ് സ്ഥലത്ത് മതിയായ വായു സഞ്ചാരം ഉറപ്പാക്കണം. 5 വയസിന് മുകളിലുള്ള എല്ലാ കുട്ടികളും എന്‍ 95 മാസ്‌കുകളോ കുറഞ്ഞത് ട്രിപ്പിള്‍ ലെയര്‍ മാസ്‌കുകളോ ധരിക്കാന്‍ പ്രോത്സാഹിപ്പിക്കണം.