തിരുവനന്തപുരം > ദേവികുളം താലൂക്കിൽ റദ്ദാക്കുന്ന രവീന്ദ്രൻ പട്ടയങ്ങൾക്കുപകരം പുതിയവ അനുവദിക്കാൻ നടപടി. നിലവിലെ ഭൂമി ഉടമകൾ ദേവികുളം തഹസിൽദാർക്ക് അപേക്ഷ നൽകണമെന്നും നടപടിക്രമം പൂർത്തിയാക്കി അർഹർക്ക് രണ്ടു മാസത്തിനകം പുതിയ പട്ടയം ലഭ്യമാക്കുമെന്നും റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ഉത്തരവിൽ വ്യക്തമാക്കി. രവീന്ദ്രൻ പട്ടയങ്ങളിലെ അന്വേഷണത്തിന് വിജിലൻസ് കസ്റ്റഡിയിലെടുത്ത പട്ടയ ഫയലുകളുടെയും അനുബന്ധ രേഖകളുടെയും പകർപ്പുകൾ 15 ദിവസത്തിനുള്ളിൽ ലഭ്യമാക്കാൻ അദ്ദേഹം ഇടുക്കി കലക്ടർക്ക് നിർദേശം നൽകി.
രവീന്ദ്രൻ പട്ടയം അനുവദിച്ച എല്ലാ വില്ലേജിലും പുതിയ പട്ടയം അനുവദിക്കാൻ പ്രത്യേക സംഘത്തെ നിയമിക്കും. അപേക്ഷ പരിശോധിച്ച്, ഭൂപതിവിന് രേഖകൾ തയ്യാറാക്കി തഹസിൽദാർക്ക് കൈമാറേണ്ടത് പ്രത്യേക സംഘമാണ്. വില്ലേജുകളിൽ ഡെപ്യൂട്ടി തഹസിൽദാറുടെ നേതൃത്വത്തിൽ രണ്ട് സർവേയർമാരും ഒരു റവന്യു ഇൻസ്പെക്ടറും രണ്ട് പ്രത്യേക വില്ലേജ് ഓഫീസർമാരും അടങ്ങുന്ന സംഘമുണ്ടാകും. ഡെപ്യൂട്ടി തഹസിൽദാർ, റവന്യു ഇൻസ്പെക്ടർ, വില്ലേജ് ഓഫീസർമാർ എന്നിവരെ വിന്യസിക്കാൻ ലാൻഡ് റവന്യു കമീഷണറെയും സർവേയർമാരെ നിയമിക്കാൻ സർവേ–- ഭൂരേഖാ വകുപ്പ് ഡയറക്ടറെയും ചുമതലപ്പെടുത്തി. ഈ സംഘം 45 ദിവസം പ്രവർത്തിക്കും.
അപേക്ഷ ലഭിച്ചാലുടൻ ഭൂമി പതിച്ചു നൽകേണ്ടവരുടെ പട്ടിക അംഗീകരിക്കാൻ കലക്ടർ നടപടി സ്വീകരിക്കണം. ലഭ്യമായ അസൈൻമെന്റ് റിപ്പോർട്ടുകളിൽ ദേവികുളം തഹസിൽദാർ സമയബന്ധിത തീർപ്പ് ഉറപ്പാക്കണം. തുടർനടപടികൾക്ക് അസൈൻമെന്റ് കമ്മിറ്റി വിളിക്കണം.
കെഡിഎച്ച് ഒഴികെയുള്ള വില്ലേജുകളിൽ രണ്ടു മാസത്തിനകം ഭൂപതിവ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പട്ടയം നൽകും. കെഡിഎച്ച് വില്ലേജുകളിൽ അസൈൻമെന്റ് റിപ്പോർട്ടുകൾ പ്രത്യേക സംഘം തയ്യാറാക്കി തഹസിൽദാർ മുഖേന കലക്ടർക്ക് നൽകണം. ഈ അപേക്ഷകളിലും രണ്ടു മാസത്തിനുള്ളിൽ നടപടി പൂർത്തീകരിക്കും.
അനധികൃതപട്ടയം റദ്ദാക്കണമെന്ന് വി ഡി സതീശൻ
ഇടുക്കി ദേവികുളം താലൂക്കിൽ അഡീഷണൽ തഹസിൽദാർ ആയിരുന്ന എം ഐ രവീന്ദ്രൻ അനധികൃതമായി നൽകിയ പട്ടയം റദ്ദാക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ കോട്ടയത്ത് പറഞ്ഞു. യുഡിഎഫ് ഇത് മുമ്പും ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോന്നും പരിശോധിച്ച് നിയമലംഘനം നടന്നിട്ടുള്ളവ റദ്ദാക്കണം.
കോട്ടയത്ത് കൊല ചെയ്യപ്പെട്ട ഷാൻ ബാബുവിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശൻ. ഷാനിനെ കൊലപ്പെടുത്തിയ ഗുണ്ടയുടെ അപ്പീൽ പരിഗണിച്ചത് പൊലീസ് റിപ്പോർട്ട് ഇല്ലാതെയാണോ എന്ന് പരിശോധിക്കണമെന്നും സതീശൻ പറഞ്ഞു.