കൊച്ചി > നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷകസംഘം വിചാരണക്കോടതിയിൽ സമർപ്പിച്ചു. തുടരന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പൂർണ റിപ്പോർട്ട് കൈമാറാനുള്ള സാഹചര്യമായിട്ടില്ലെന്നും വ്യക്തമാക്കിയാണ് പ്രോസിക്യൂഷൻ റിപ്പോർട്ട് സമർപ്പിച്ചത്.
റിപ്പോർട്ടിന്റെ പകർപ്പ് വേണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുള്ള ഡിജിറ്റൽ തെളിവുകൾ കോടതിക്ക് കൈമാറണമെന്നുമുള്ള ദിലീപിന്റെ ആവശ്യം പ്രോസിക്യൂഷൻ എതിർത്തു. അന്വേഷണപുരോഗതി റിപ്പോർട്ട് മാത്രമാണ് സമർപ്പിച്ചത്. പ്രതിക്ക് റിപ്പോർട്ട് ആവശ്യപ്പെടാനാകില്ല. ഡിജിറ്റൽ തെളിവുകളിൽ കൃത്രിമം കാണിക്കാനുള്ള സാഹചര്യമില്ല. ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളെല്ലാം സുരക്ഷിതമാണ്–- പ്രോസിക്യൂഷൻ വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിൽ അഞ്ച് സാക്ഷികളെ 22-നും 25 നും വിസ്തരിക്കും. നിലിഷ, കണ്ണദാസൻ, ഉഷ, സുരേഷ്, കൃഷ്ണമൂർത്തി എന്നിവരെയാണ് വിസ്തരിക്കുക. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് സാക്ഷികളെ വിസ്തരിക്കുന്നത്.
കേസിലെ പ്രതി സുനിൽകുമാർ എന്ന പൾസർ സുനിയെ ജയിലിൽ ചോദ്യം ചെയ്യാൻ വിചാരണക്കോടതിയുടെ അനുമതി തേടി സമർപ്പിച്ച ഹർജി വിധി പറയാൻ മാറ്റി.