വണ്ടൂർ (മലപ്പുറം) > ഒരു കോടിയിലധികം രൂപ വിലയുള്ള ലഹരി വസ്തുക്കളുമായി രണ്ടുപേരെ എക്സൈസ് സംഘം അറസ്റ്റ്ചെയ്തു. കർണാടക ബംഗളൂരു ആർടി നഗർ സ്വദേശി സയ്യിദ് സലാഹുദ്ദീൻ (42), വണ്ടൂർ പോരൂർ പട്ടണംകുണ്ട് വള്ളിയാമ്പല്ലി വീട്ടിൽ മുജീബ് റഹ്മാൻ (40) എന്നിവരാണ് പട്ടണംകുണ്ടിലെ വാടക ക്വാര്ട്ടേഴ്സിൽ പിടിയിലായത്. ഇവരുടെ പക്കൽനിന്ന് 38 ഗ്രാം എംഡിഎംഎ, 121 ഗ്രാം കൊക്കെയ്ൻ എന്നിവ കണ്ടെടുത്തു. മൂന്ന് കാറും പിടിച്ചെടുത്തു. സംഘത്തിലെ കൊണ്ടോട്ടി സ്വദേശികളായ ഷഫീഖ്, അക്കു എന്നിവർ രക്ഷപ്പെട്ടു.
പിടികൂടിയ കൊക്കെയ്നും എംഡിഎംഎയും
ബംഗളൂരുവിൽനിന്ന് ലഹരിവസ്തുക്കൾ പട്ടണംകുണ്ടിലെ വാടക ക്വാർട്ടേഴ്സിൽ എത്തിച്ച് മലയോര മേഖലയിൽ വിതരണംചെയ്യുകയാണ് രീതിയെന്ന് കാളികാവ് എക്സൈസ് ഇൻസ്പെക്ടർ എം ഒ വിനോദ് പറഞ്ഞു. അറസ്റ്റിലായവരുടെ പണ ഇടപാടുകളെക്കുറിച്ചും അന്വേഷണം ഊർജിതമാക്കി. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ സുധാകരൻ, സി ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വി ലിജിൻ, സി ദിനേശ്, ടി സുനീർ, സുനിൽ കുമാർ എന്നിവരും അന്വേഷകസംഘത്തിലുണ്ടായി.