കോഴിക്കോട്> സംസ്ഥാനക്യാമ്പിന് നേതാക്കൾ ഹെലികോപ്റ്ററിൽ യാത്രനടത്തിയതിനെ ചൊല്ലി മുസ്ലീംയൂത്ത് ലീഗിൽ ആരോപണം. സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ്തങ്ങൾക്കും ജനറൽ സെക്രട്ടറി പി കെ ഫിറോസിനുമെതിരായാണ് വിമർശം. മൂന്നാറിലെ ക്യാമ്പിന് പ്രസിഡന്റും ജനറൽ സെക്രട്ടറിയും സ്വകാര്യ ഹെലികോപ്റ്ററിലാണെത്തിയത്.
ലക്ഷങ്ങൾ ചെലവഴിച്ചുള്ള ഉല്ലാസ യാത്രയെ വിമർശിച്ച് യൂത്ത്ലീഗ് നേതാക്കളാണ് ആദ്യം രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ നിരവധി പ്രവർത്തകരും പ്രതിഷേധം അറിയിച്ചു. തെരഞ്ഞെടുപ്പിൽ തോറ്റിട്ടും ശൈലി മാറ്റാതെ ആഢംബര പ്രിയരായി നടക്കുന്നതായായിരുന്നു വിമർശം. ആകാശം ചുറ്റാതെ മണ്ണിലേക്കിറങ്ങൂ എന്നിങ്ങനെ ട്രോൾവർഷവുമുണ്ട്.
ഇതിനിടെയാണ് മൂന്നാർ ക്യാമ്പ് നടത്തിപ്പിനെക്കുറിച്ചും ആക്ഷേപങ്ങളുയർന്നത്. വൻകിട റിസോർട്ടിൽ കോവിഡ് കാലത്ത് ക്യാമ്പ് നടത്തിയെന്നായിരുന്നു ഒരുവിഭാഗമുയർത്തിയ ആരോപണം. 16 മുതൽ 18വരെയായിരുന്നു മൂന്നാറിൽ സംസ്ഥാന എക്സിക്യൂടീവ് ക്യാമ്പ് സംഘടിപ്പിച്ചത്. അതേസമയം ആകാശ ഉല്ലാസയാത്ര നിഷേധിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് രംഗത്തുവന്നു. മുനവറലി തങ്ങളുടെ സുഹൃത്ത് സൗജന്യമായി ഒരുക്കിയ യാത്രയെന്നാണ് പ്രചരിപ്പിച്ചത്. ക്യാമ്പ് നടത്തിയ മുറികൾ ക്ക് പതിനായിരം രൂപ വാടകയില്ലെന്നും ഫിറോസ് ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.