19 വയസ്സ് മാത്രം പ്രായമുള്ള എല്ല മക്‌മഹോൺ ഒരു വിദ്യാത്ഥിനിയാണ്. മൂന്ന് മുതൽ ഒമ്പത് മണിക്കൂർ വരെ അലമാരകൾ വൃത്തിയാക്കാനും വസ്ത്രങ്ങൾ കാളരാനുസരിച്ച് വൃത്തിയാക്കി മടക്കി വയ്ക്കാനും എല്ല മക്‌മഹോൺ ചിലവഴിക്കുന്നു. സ്വന്തം അലമാര എന്ന് തെറ്റിദ്ധരിക്കല്ലേ. സേവനം തേടുന്നവരുടെ അലമാരകളാണ് എല്ല മക്‌മഹോൺ അടുക്കിവയ്ക്കുന്നത്. മണിക്കൂറിന് 15 പൗണ്ട് മുതൽ 20 പൗണ്ട് വരെയാണ് എല്ല ഈടാക്കുന്നത്. ഒരു മാസത്തിൽ അര ലക്ഷം രൂപ വരെ ഇത്തരത്തിൽ സമ്പാദിക്കാം എന്ന് എല്ല അവകാശപ്പെടുന്നു.
രസകരമായ കാര്യം ഇതൊരു ജോലിയായല്ല എല്ല കാണുന്നത്. എന്തും അടക്കി ഒതുക്കി വയ്ക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന വ്യക്തിയാണ് എല്ല. “എനിക്ക് ദിവസം മുഴുവൻ ഇത് (അടുക്കിപ്പെറുക്കൽ) ചെയ്യാൻ കഴിയും. കാരണം എനിക്ക് എല്ലാം കൃത്യമായി അതാതിന്റെ സ്ഥാനത്ത് വയ്ക്കുന്നതിൽ താൽപ്പര്യമുണ്ട്. കാര്യങ്ങൾ വൃത്തിയുള്ളതും ഭംഗിയുള്ളതുമാക്കി മാറ്റുന്നത് എനിക്കിഷ്ടമാണ്. ഒരു അലമാര വൃത്തിയാക്കാനും കളർ കോർഡിനേറ്റ് ചെയ്യാനും എനിക്ക് കുറഞ്ഞത് മൂന്ന് മണിക്കൂർ എടുക്കും. ഇത് അലമാര എത്ര വലുതാണെന്നതിനെ ആശ്രയിച്ചിരിക്കുന്നു, ഒരിക്കൽ ഞാൻ ഒമ്പത് മണിക്കൂർ ചെലവഴിച്ചു. എനിക്ക് ഇത് വളരെ സംതൃപ്തി നൽകുന്ന ഒരു കാര്യമാണ്”, എല്ല പറയുന്നു.
എല്ലാം ക്രമീകരിക്കാനുള്ള എല്ലയുടെ കഴിവ് കണ്ട് സുഹൃത്താക്കളാണ് ബിസിനസ്സ് സാദ്ധ്യത നിർദേശിച്ചത്. പിന്നീട് സിൻഡ്രെല്ലാസ് ക്ലോസറ്റ് എന്ന പേരിൽ ബിസിനസ്സ് ആരംഭിച്ചു. തന്റെ ബിസിനസിന് ഒരു ക്രമവും എല്ല പാലിക്കുന്നുണ്ട്. ആദ്യം സേവനം ആവശ്യപ്പെടുന്ന വ്യക്തിയുടെ അലമാര കണ്ട് അതിൽ വര്ഷങ്ങളായി ഉപയോഗിക്കാത്ത വസ്ത്രങ്ങൾ തേടിപ്പിടിച്ച് മാറ്റുന്നു. ഈ വസ്ത്രങ്ങൾ ഒരു ബാഗിലാക്കി ഏതെങ്കിലും അനാഥാലയങ്ങൾക്ക് നൽകും. പിന്നീടാണ് എല്ല സ്വന്തം പണി തുടങ്ങുക.
‘എനിക്ക് 20 ഓളം സ്ഥിരം ക്ലയന്റുകൾ ഉണ്ട്, അവർ രണ്ടാഴ്ച കൂടുമ്പോൾ എന്നെ വിളിക്കാറുണ്ട്. എല്ലാം ക്രമീകരിച്ചും വൃത്തിയായും കാണുമ്പോൾ സേവനം ആവശ്യപ്പെട്ടവരുടെ മുഖത്ത് ഒരു സന്തോഷമുണ്ടാകും. അത് എനിക്കും സന്തോഷം തരുന്നു” എല്ല പറയുന്നു.