ഇടുക്കി: രവീന്ദ്രൻ പട്ടയങ്ങൾ റദ്ദ് ചെയ്യാനുള്ള റവന്യു വകുപ്പിന്റെഉത്തരവിനെതിരേ എതിർപ്പുമായി മുൻമന്ത്രി എംഎം മണി. ഉത്തരവ് പ്രകാരം വൻകിടക്കാർ സ്വന്തമാക്കിയ പട്ടയങ്ങൾ റദ്ദ് ചെയ്യുമ്പോൾ ഒപ്പം സിപിഎം ഓഫീസിന് നൽകിയ പട്ടയവും റദ്ദ് ചെയ്യേണ്ടി വരും. പാർട്ടി ഓഫീസ് അവിടെ അങ്ങനെ തന്നെ നിൽക്കുമെന്നും ഒരാളെയും തൊടാൻ അനുവദിക്കില്ലെന്നും എംഎം മണി പ്രതികരിച്ചു. പട്ടയമേള നടത്തി വിതരണം ചെയ്ത പട്ടയങ്ങൾ ഇപ്പോൾ റദ്ദ് ചെയ്യുന്നത് എന്തിനാണെന്ന് റവന്യു മന്ത്രിയും വകുപ്പും വ്യക്തമാക്കട്ടേയെന്നും ഉടുംബൻചോല എം.എൽ.എ . കൂടിയായ മണിപറഞ്ഞു.
ഉത്തരവ് നടപ്പിലാക്കാൻ ശ്രമിച്ചാൽ ജനങ്ങൾ തെരുവിലിറങ്ങും. അവർ കോടതിയിലേക്ക് പോകുകയോ പ്രക്ഷോഭം നടത്തുകയോ ചെയ്യട്ടെ. വിഷയത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടാനാണ് തീരുമാനം. ജനങ്ങൾ വെറുതെ പട്ടയം വാങ്ങിയതല്ല. മേള നടത്തി, പൈസ അടച്ച് വാങ്ങിയതാണ് പട്ടയങ്ങളെന്നും അദ്ദേഹം പറഞ്ഞു. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയ നടപടിയോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരവ് ബാധിക്കുക സാധാരണക്കാരെയാണെന്നും അവിടെ ഒരു വൻകിടക്കാരും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ പട്ടയങ്ങൾ റദ്ദാക്കണമെന്ന് മാറി മാറി ഭരിച്ച സർക്കാരുകൾക്ക് തോന്നിയില്ല. പരിശോധിക്കേണ്ടായിരുന്നോയെന്നും അന്നൊക്കെ ഇവരെല്ലാം എവിടെയായിരുന്നുവെന്നു എംഎം മണി ചോദിച്ചു.രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയ സംഭവം ജനങ്ങളുടെ പ്രശ്നമാണെന്നും അത് ജനങ്ങൾ നോക്കിക്കോളുമെന്നും എം എം മണി പറഞ്ഞു. പാർട്ടി ഇക്കാര്യത്തിൽ ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
റവന്യു വകുപ്പിന്റെ ഉത്തരവിനെതിരെ എതിർപ്പുമായി സിപിഐ ജില്ലാ നേതൃത്വവും രംഗത്ത് വന്നു.രവീന്ദ്രൻ പട്ടയങ്ങൾ റദ്ദ് ചെയ്യാനുള്ള റവന്യൂ വകുപ്പിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമൻ പറഞ്ഞു. അർഹതപ്പെട്ടവരുടെ പട്ടയം റഗുലറൈസ് ചെയ്യുകയാണ് വേണ്ടത്. വ്യാജ പട്ടയം എന്ന് വിളിക്കുന്നതിനോട് യോജിപ്പില്ലെന്നും ശിവരാമൻ പറഞ്ഞു. അർഹരെ കണ്ടെത്താനുള്ള നടപടി സ്വീകരിക്കണമെന്നതാണ് പാർട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: MMMani against canceling of Raveendran Pattayam