തിരുവനന്തപുരം
സംസ്ഥാനത്ത് 15 മുതൽ 18 വയസ്സുവരെയുള്ളവർക്ക് സ്കൂളിൽ കോവിഡ് വാക്സിൻ നൽകുന്നതിന് തുടക്കം. ആദ്യ ദിനമായ ബുധനാഴ്ച 125 സ്കൂളിലാണ് ആരംഭിച്ചത്. 27,087 കുട്ടികൾ കുത്തിവയ്പ്പെടുത്തു. ഇതുവരെ 8,668,721 കുട്ടികൾക്കാണ് (57 ശതമാനം) വാക്സിൻ നൽകിയത്. വാക്സിൻ സ്കൂളിലെത്തിയത് ഉപകാരപ്രദമായെന്ന് വിദ്യാർഥികളും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. മണക്കാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കുത്തിവയ്പ്പ് കേന്ദ്രം ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു. വ്യാഴം മുതൽ കൂടുതൽ കേന്ദ്രം ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
കുട്ടികളെത്തി
ഉല്ലാസത്തോടെ
ഡോ. ബി ഇക്ബാൽ ; ആരോഗ്യ വിദഗ്ധൻ
‘മാനസിക ഉല്ലാസത്തോടെയാണ് സ്കൂളുകളിലെ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിൽ വിദ്യാർഥികൾ പങ്കാളികളായത്. കൂട്ടുകാർ ഒപ്പമുണ്ടാകുമ്പോൾ കുത്തിവയ്പിനെ ഭയപ്പെടാത്ത അന്തരീക്ഷം. മാനസിക സമ്മർദവും കുറയും.
നിലവിലെ സാഹചര്യത്തിൽ ആശുപത്രികളിൽ പോയി പ്രതിരോധ മരുന്ന് സ്വീകരിക്കുന്നതിനെക്കാൾ ഏറെ സുരക്ഷിതമാണ്
സ്കൂളിലെ വാക്സിൻ കേന്ദ്രം’’ ചരിത്രത്തിൽ
അടയാളപ്പെടുത്തും
സി ആർ രാമകൃഷ്ണൻ , വിദ്യാഭ്യാസ വിദഗ്ധൻ
മലമ്പനിക്കും മറ്റും ആദ്യകാലങ്ങളിൽ പ്രതിരോധ കുത്തിവയ്പ്പ് നൽകുമ്പോൾ അന്നത്തെ സാഹചര്യത്തിൽ പേടിച്ചോടുന്ന കുട്ടികളും രക്ഷിതാക്കളുമാണുണ്ടായിരുന്നത്. പിന്നീട് പോളിയോ പ്രതിരോധ തുള്ളിമരുന്ന് പൊതു ഇടങ്ങളിലടക്കം സജ്ജമാക്കി. അത് ജനകീയ യജ്ഞമാക്കി കേരളം മാറ്റി.
സ്കൂൾ കേന്ദ്രീകരിച്ച് ഇത്ര കരുതലോടെ മഹാമാരിയെ ചെറുക്കാനുള്ള പ്രവർത്തനം സംസ്ഥാനം ആദ്യമായാണ് നടത്തുന്നത്. കുട്ടികൾ വളരെ ആവേശത്തോടെ വാക്സിൻ സ്വീകരിക്കുന്നു എന്നത് കേരളത്തിന് ആഹ്ലാദകരമാണ്’’