തിരുവനന്തപുരം
കെഎസ്ആർടിസി ബസിലെ തിരക്ക് ഒഴിവാക്കാൻ സർവീസുകളുടെ എണ്ണം കൂട്ടും. ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നത യോഗത്തിലാണ് തീരുമാനം. ഭൂരിഭാഗം ജീവനക്കാർക്കും കോവിഡാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
സർവീസ് കുറയ്ക്കുന്നത് പരിഗണനയിൽ ഇല്ല. വ്യാഴാഴ്ചത്തെ കോവിഡ് അവലോകന യോഗ തീരുമാനപ്രകാരമായിരിക്കും മറ്റ് നിയന്ത്രണം. കണ്ടക്ടർമാർക്ക് ഉടൻ ബൂസ്റ്റർ ഡോസ് നൽകും. തുടർന്ന് മറ്റുള്ളവർക്കും. 28000 പേരുള്ളതിൽ അറുനൂറ്റമ്പതിൽ താഴെ പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.1150 ജീവനക്കാരുള്ള ജലഗതാഗത വകുപ്പിൽ 20 പേർക്കും. ശരാശരി 3500 ബസ് സർവീസ് നടത്തുന്നു. ചൊവ്വാഴ്ച 3437 ബസ് സർവീസ് നടത്തി. 59 ബോട്ട് 736 ട്രിപ്പ് നടത്തുന്നിടത്ത് ചൊവ്വാഴ്ച 57 ബോട്ട് 736 സർവീസ് നടത്തി. കോവിഡിന്റെ പേരിൽ ആർടിഒ ഓഫീസുകൾ അടയ്ക്കില്ല. ഡ്രൈവിങ് ടെസ്റ്റ് നിർത്തിവയ്ക്കാൻ ഉത്തരവിറക്കിയ എറണാകുളം ആർടിഒയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ജീവനക്കാർ കുറവുണ്ടെങ്കിൽ മറ്റ് സ്ഥലങ്ങളിൽനിന്ന് നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.