ഫത്തോർദ
കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതിനിടെ ഐഎസ്-എൽ ഫുട്ബോൾ ടൂർണമെന്റ് പ്രതിസന്ധിയിൽ. ഇതിനകം അഞ്ച് മത്സരങ്ങൾ മാറ്റിവച്ചു. രണ്ട് ടീമുകളിലൊഴികെ ബാക്കി ഒമ്പതെണ്ണത്തിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഐഎസ്എൽ മാറ്റിവയ്ക്കാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ സെക്രട്ടറി കുശാൽ ദാസിന്റെ പ്രതികരണം.
കളിക്കാർ, പരിശീലകർ, കുടുംബാംഗങ്ങൾ, ഹോട്ടൽ ജീവനക്കാർ എന്നിവരെല്ലാം കോവിഡ് ബാധിച്ചവരിൽ ഉൾപ്പെടും. കളിക്കാർക്ക് പരിശീലനത്തിന് ഇറങ്ങാൻ കഴിയുന്നില്ല. പതിനൊന്നംഗ ടീമിനെ അണിനിരത്താൻപോലുമുള്ള കളിക്കാരില്ല.
ഐഎസ്എല്ലിന്റെ പുതിയ നിയമാവലിപ്രകാരം ഇരുടീമുകളിലും 15 കളിക്കാർവീതം കളിക്കാൻ ലഭ്യമാണെങ്കിൽ മത്സരം മുൻനിശ്ചയിച്ചപ്രകാരം നടക്കും. മറിച്ചാണെങ്കിൽ കളികൾ മാറ്റിവയ്ക്കും.
മാറ്റിവയ്ക്കുന്ന മത്സരങ്ങൾ നടത്താനുള്ള സാഹചര്യമില്ലാതായാൽ ഏത് ടീമിനാണോ 15 കളിക്കാരെ അണിനിരത്താൻ കഴിയുക ആ ടീമിനെ വിജയികളായി പ്രഖ്യാപിക്കും. ഇരുടീമിനും കഴിയാത്തപക്ഷം ഓരോ പോയിന്റുവീതം നൽകും. എന്നാൽ, കോവിഡ് സാഹചര്യത്തിലും ലീഗ് നടത്തുന്നതിനെതിരെ കളിക്കാരും പരിശീലകരും രംഗത്തുവന്നു. സുനിൽ ഛേത്രി, എഡു ബെദിയ, ഗുർപ്രീത് സിങ് സന്ധു, വിക്ടർ മോൺഗിൽ തുടങ്ങിയ കളിക്കാരാണ് ശബ്ദമുയർത്തിയത്. ജയിലിൽ അടയ്ക്കപ്പെട്ട അവസ്ഥയാണെന്നായിരുന്നു പ്രതികരണം.