തിരുവനന്തപുരം
സംസ്ഥാനത്ത് മൂന്നാംതരംഗത്തിന് തുടക്കമായി കോവിഡ് അതിതീവ്ര വ്യാപനത്തിൽ. മുൻ ദിവസങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ വൻ വർധന–-ബുധനാഴ്ച 34,000 കടന്നു. ഒന്നും രണ്ടും തരംഗത്തിൽനിന്നും വിഭിന്നമായി കോവിഡ് മൂന്നാം തരംഗത്തിന്റെ ആരംഭത്തിൽ തന്നെ അതിതീവ്ര വ്യാപനമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. രണ്ടാം തരംഗത്തിൽ വ്യാപനം 2.68 ആയിരുന്നപ്പോൾ ഇപ്പോഴത്തേത്ത് 3.12 ആണ്. ഡെൽറ്റയെക്കാൾ ആറിരട്ടി വ്യാപനമാണ് ഒമിക്രോണിനുള്ളത്. മൂന്നാഴ്ച ഏറെ നിർണായകമാണെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഒറ്റക്കെട്ടായി അതിജീവിക്കണം
ഒന്നും രണ്ടും തരംഗം ഒറ്റക്കെട്ടായാണ് കേരളം നേരിട്ടത്. രാഷ്ട്രീയത്തിനതീതമായി ഇതിനെയും നമുക്ക് അതിജീവിക്കണം. മുൻപ് വ്യാപന തീവ്രത വൈകിപ്പിക്കാനാണ് സംസ്ഥാനം ശ്രമിച്ചത്. ഒമിക്രോണാണ് മൂന്നാം തരംഗത്തിൽ വ്യാപനം കൂട്ടുന്നത്. ഗുരുതരാവസ്ഥ കുറവാണെങ്കിലും ജാഗ്രത കൈവിടരുത്. ആശുപത്രികളിലെത്തുന്ന രോഗികൾ കൂടാൻ സാധ്യതയുണ്ട്.
വന്നു പോകട്ടെ എന്ന്
കരുതരുത്
ഒരു കാരണവശാലും കോവിഡ് വന്നു പോകട്ടെ എന്ന് കരുതരുത്. ഇതുസംബന്ധിച്ച് വ്യാജ പ്രചാരണമാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ജലദോഷം, പനി, ചുമ, തലവേദന, ശരീരവേദന എന്നീ ലക്ഷണങ്ങളുള്ളവർ വീടുകളിൽ തന്നെ കഴിയണം. വ്യാപനം തടയുക ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ്. വ്യക്തിപരമായി ശ്രദ്ധിച്ചില്ലെങ്കിൽ സ്ഥിതി വഷളാകും. മാസ്ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണം.
കരുതൽ ഡോസെടുക്കണം
ആരോഗ്യ പ്രവർത്തകരിൽ 1508 പേർക്ക് അടുത്തിടെ കോവിഡ് ബാധിച്ചു. ആശുപത്രി ജീവനക്കാരുടെ ഒത്തുചേരൽ പാടില്ല. എല്ലാവരും കരുതൽ ഡോസ് വാക്സിൻ എടുക്കണം. ആശുപത്രി സന്ദർശനം കുറയ്ക്കണം. രോഗികളുടെ കൂടെ കൂടുതൽ പേർ ആശുപത്രിയിൽ വരരുത്. ഇ സഞ്ജീവനി സേവനം പരമാവധി ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് അവലോകന യോഗം ഇന്ന്
വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് കോവിഡ് അവലോകന യോഗം ചേരും. ചികിത്സാർഥം അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പങ്കെടുക്കും. കോളേജുകൾ അടയ്ക്കാനുള്ള തീരുമാനം ഉണ്ടായേക്കും. സർവകലാശാല പരീക്ഷകൾ മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ അനുമതി നൽകാനും സാധ്യതയുണ്ട്. ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകൾ അടയ്ക്കാൻ നേരത്തേ തീരുമാനിച്ചിട്ടുണ്ട്. ബോർഡ് പരീക്ഷകൾ അനിവാര്യമായ എസ്എസ്എൽസി, ഹയർ സെക്കൻഡറി ക്ലാസുകൾ തുടരും. ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശംകൂടി ചർച്ച ചെയ്തശേഷമാകും തീരുമാനം. വാരാന്ത അടച്ചിടൽ, യാത്രാ നിയന്ത്രണങ്ങൾ എന്നിവയും പരിഗണനയിലുണ്ട്. കോവിഡ് ക്ലസ്റ്ററുകളിൽ കടുത്ത നിയന്ത്രണം വന്നേക്കും.