തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം അതിരൂക്ഷമായ തലസ്ഥാന ജില്ലയിൽ തിരുവനന്തപുരം എഞ്ചിനീയറങ് കോളേജ് കോവിഡ് ക്ലസ്റ്ററായി. ഒരാഴ്ചയ്ക്കിടെ 393 വിദ്യാർഥികൾക്ക് കോവിഡ് ബാധിച്ചു. 35 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. രണ്ട് വകുപ്പ് തലവൻമാർ അടക്കമുള്ള അധ്യാപകർക്കും കോവിഡ് ബാധിച്ചു. കോവിഡ് വ്യാപനത്തിനിടയിലും പരീക്ഷനടക്കുന്നുണ്ട്. അതേസമയം, കഴിഞ്ഞ ദിവസത്തെ കണക്ക് അനുസരിച്ച് ജില്ലയിൽ 12 കോളേജുകളിൽ ക്ലസ്റ്റർ രൂപപ്പെട്ടിട്ടുണ്ട്.
ഒരാഴ്ചയ്ക്കിടെ ഇത്രയുമധികം കേസുകൾ സ്ഥിരീകരിച്ചതിനെ തുടർന്ന് കോളേജ് അടച്ചിട്ടിരിക്കുകയാണ്. ഓഫ്ലൈൻ ക്ലാസുകൾ ഒഴിവാക്കി ഓൺലൈൻ ക്ലാസുകൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ അതിനിടയിലും പരീക്ഷകൾ നടത്തുന്നുണ്ട്. അധ്യാപകർക്കും മറ്റ് ജിവനക്കാർക്കും കോവിഡ് ബാധിച്ച സാഹചര്യത്തിൽ പരീക്ഷ നടത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് കോളേജ് അധികൃതർ പറയുന്നു. രണ്ടാഴ്ചത്തേക്കെങ്കിലും പരീക്ഷ മാറ്റിവെക്കണമെന്ന അപേക്ഷയും സർവകലാശാലയിൽ നൽകി.
പരീക്ഷകളിൽ പങ്കെടുക്കുന്നതിനുള്ള ബുദ്ധിമുട്ട് വിദ്യാർഥികളും അറിയിച്ചിട്ടുണ്ട്. പരീക്ഷ മാറ്റി വെയ്ക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കേണ്ടത് സർവകലാശാലയാണ്. വലിയ തോതിലുള്ള വ്യാപനമുണ്ടായ പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കുമെന്നാണ് വിദ്യാർഥികളും അധ്യാപകരും പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാണ്. ജില്ലയിൽ പരിശോധന നടത്തുന്ന രണ്ടിൽ ഒരാൾ പോസിറ്റീവാകുന്ന സ്ഥിതിയുണ്ട്.
Content Highlights: trivandrum engineering college became covid cluster and tpr is 35%