തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമാണെന്ന് ഇന്നത്തെ മന്ത്രിസഭായോഗം വിലിരുത്തുന്നതിന് ഒരാഴ്ച മുൻപേ കോൺഗ്രസും യു.ഡി.എഫും വിലയിരുത്തിയിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അപകടകരമായ രീതിയിൽ സാമൂഹികവ്യാപനം ഉണ്ടാവുകയാണെന്നും ഒന്നും രണ്ടും തരംഗത്തെക്കാൾ വലിയ തരംഗം ഉണ്ടാകാൻ പോവുകയാണെന്ന് വിലയിരുത്തിയിരുന്നു. അതുകൊണ്ട് യു.ഡി.എഫിന്റെയും കെ.പി.സി.സിയുടെയും പരിപാടികൾ മാറ്റിവെച്ച് മാതൃക കാണിച്ചെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തായിട്ടും സമരമുഖത്തായിട്ടും അതേക്കാൾ പ്രാധാന്യം ജനങ്ങളുടെ ആരോഗ്യത്തിനാണ് എന്നു മനസ്സിലാക്കിയായിരുന്നു അത്. എന്നിട്ടും, ഈ പാർട്ടി സമ്മേളനം ഞങ്ങൾ നടത്തും എന്ന വാശിയോടു കൂടി തിരുവാതിരയും പാർട്ടിസമ്മേളനവുമായി പോയിട്ടല്ലേയെന്നും സതീശൻ ആരാഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ ജില്ലാ സമ്മേളനവും തിരുവാതിരകളിയുമല്ലേ രോഗത്തിന്റെ ഇത്രവലിയ കേന്ദ്രമാക്കി തലസ്ഥാനനഗരത്തെ മാറ്റിയതെന്നും സതീശൻ ചോദിച്ചു. മരണത്തിന്റെ വ്യാപാരികളായി ഈ രോഗവ്യാപനത്തിന്റെ കാരണമായി അവർ പാർട്ടി സമ്മേളനം മാറ്റി. എന്നിട്ട് ഇപ്പോഴും കണ്ണൂരിൽ സമ്മേളനം നടത്തിക്കൊണ്ടിരിക്കുകയാണ്. സർക്കാരും ആരോഗ്യവകുപ്പും നിശ്ചലമായിരിക്കുകയാണ്. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും ചെയ്തതുപോലെ എന്തെങ്കിലും മുന്നൊരുക്കം മൂന്നാംരംഗത്തെ നേരിടാൻ സർക്കാർ നടത്തിയിട്ടുണ്ടോ എന്നും അദ്ദേഹം ആരാഞ്ഞു.
കോവളത്ത് ഒരു കൊല്ലം മുൻപ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സതീശൻ. വിഷയത്തിൽ ഇടപെടും. മുഖ്യമന്ത്രിക്ക് മെയിൽ അയക്കും. ഡി.ജി.പിക്ക് അതിന്റെ പകർപ്പ് അയക്കും. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും സതീശൻ ആവശ്യപ്പെട്ടു. സർക്കാർ നടപടി എടുത്തില്ലെങ്കിൽ കോടതിയെയും മനുഷ്യാവകാശ കമ്മിഷനെയും സമീപിക്കും. അതിന് അവർക്ക് ആവശ്യമായ എല്ലാ നിയമസഹായവും ചെയ്തുകൊടുക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
കോട്ടയത്ത് 19 വയസ്സുകാരനെ കൊന്ന് പോലീസ് സ്റ്റേഷനു മുൻപിൽ കൊണ്ടെയിട്ട ഗുണ്ടയെ അവിടെനിന്ന് ഇറക്കാൻ ആരാണ് ശ്രമിച്ചതെന്ന് അന്വേഷിച്ചാൽ നന്നായിരിക്കും. ഇതൊക്കെ അറിയാൻ ജനങ്ങൾക്ക് താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
content highlights:opposition leader vd satheesan criticises government over covid spread