മറ്റുള്ളവരെ അധിക്ഷേപിച്ചു കൊണ്ടുള്ള തമാശകൾക്ക് തൻ്റെ വീഡിയോകളിൽ സ്ഥാനമില്ലെന്ന് മാവേലിക്കര സ്വദേശിയായ ശ്രീകാന്ത് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പൊളിറ്റിക്കൽ കറക്ട്നെസിനെക്കുറിച്ച് വാചാലനായ വ്യക്തി തന്നെ സ്ത്രീപീഡനക്കേസിൽ കുടുങ്ങിയതോടെയാണ് വീണ്ടും വാർത്തകളിൽ നിറയുന്നത്. നിരവധി സ്ത്രീകൾ മീ ടൂ ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് ഒരു യുവതി ഇയാൾക്കെതിരെ ബലാത്സംഗത്തിന് പരാതി നൽകുന്നത്. പോലീസ് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ശ്രീകാന്ത് വെട്ടിയാർ ഒളിവിലാണ്. സമൂഹമാധ്യമങ്ങളിൽ താരമായ ശ്രീകാന്ത് അടുത്തിടെ പുറത്തിറങ്ങിയ സൂപ്പർ ശരണ്യ എന്ന ചിത്രത്തിലും മുഖം കാണിച്ചിരുന്നു.
Also Read:
ആദ്യം ഒരു പേര് വെളിപ്പെടുത്താത്ത യുവതിയായിരുന്നു ശ്രീകാന്ത് വെട്ടിയാർക്കെതിരെ പരാതിയുമായി എത്തിയത്. തുടര്‍ന്ന് ശ്രീകാന്ത് പീഡിപ്പിച്ചെന്നു കാണിച്ച് യുവതി തന്നെ ഫേസ്ബുക്കിൽ കുറിപ്പിട്ടു. ശ്രീകാന്ത് പ്രണയം നടിച്ച് പല യുവതികളെയും പല കാര്യങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ടെന്നും വീട്ടിലെ പ്രാരാബ്ധങ്ങളും ബുദ്ധിമുട്ടുകളും പറഞ്ഞ് അനുകമ്പ പിടിച്ചു പറ്റാൻ ശ്രമിച്ചിരുന്നുവെന്നും യുവതി ആരോപിച്ചു. തന്നെ സാമ്പത്തികമായി ചൂഷണം ചെയ്തെന്നും കൊല്ലം സ്വദേശിയായ യുവതിയുടെ ആരോപണമുണ്ട്. കൊച്ചിയിലെ രണ്ട് കേന്ദ്രങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചതായാണ് കൊച്ചി സിറ്റി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Also Read:
ആദ്യം ആലുവയിലെ ഫ്ലാറ്റിൽ വെച്ച് പിറന്നാള്‍ ആഘോഷത്തിന് എത്തിയപ്പോഴും പിന്നീട് കൊച്ചിയിലെ ഒരു ഹോട്ടലിൽ വെച്ചും പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. പീഡനത്തിനു ശേഷം പരാതിയ്ക്ക് ഒരുങ്ങിയ തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്നും തനിക്കും കുടുംബാംഗങ്ങള്‍ക്കും മാനസികരോഗമുണ്ടെന്നു പറഞ്ഞു അനുകമ്പ പിടിച്ചു പറ്റാൻ ശ്രമിച്ചെന്നും യുവതി പറയുന്നു.
“ഇന്റര്‍വ്യൂവിലും അയാളുടെ വീഡിയോയിലും പറയുന്ന ഒരു കാര്യങ്ങളും അയാൾ അയാളുടെ ജീവിതത്തിൽ പുലർത്തുന്നില്ല. പ്രണയം നടിച്ചു വിവാഹം വാഗ്ദാനം നൽകി പല സ്ത്രീകളെയും ഇയാൾ പറ്റിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരാൾ അയാളുടെ വീട്ടിൽ പോയി വഴക്ക് ഉണ്ടാക്കിയപ്പോൾ അവളെ അയാൾ ഏറ്റവും മോശമായ രീതിയിൽ ആണ് സുഹൃത്തുക്കളോട് പറഞ്ഞത്. ഈ സ്ത്രീയെ ബോഡിഷെയിമിങ് ചെയ്യുകയും അവരുടെ തൊഴിലിനെ തന്നെ മോശമായ രീതിയിൽ ചിത്രീകരിക്കുകയും ചെയ്തു.” യുവതി ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.സമൂഹമാധ്യമങ്ങളിൽ ശ്രീകാന്ത് വെട്ടിയാർ നടത്തുന്നത് അഭിനയം മാത്രമാണെന്നും യഥാർഥ സ്വഭാവം മറ്റൊന്നാണെന്നുമാണ് ആരോപണം.