തിരുവനന്തപുരം/കാസർകോട്/തൃശ്ശൂർ: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും ജില്ലാ സമ്മേളനവുമായി സിപിഎം മുന്നോട്ട്. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർക്ക് കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനിടയിലും കാസർകോട്, തൃശൂർ ജില്ലാ സമ്മേളനങ്ങൾ നടത്താനാണ് സിപിഎമ്മിന്റെ തീരുമാനം. പാർട്ടി നിലപാടിനെതിരേ അതിരൂക്ഷ വിമർശനവും ഉയരുകയാണ്.
തിരുവനന്തപുരം
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള ജില്ലയാണ് തിരുവനന്തപുരം. ജില്ലയിൽ രോഗവ്യാപനം വർധിക്കാൻ ഇടയാക്കിയ ഒരു കാരണം സിപിഎം ജില്ലാ സമ്മേളനമാണെന്നാണ് ആക്ഷേപം. സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർക്ക് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിനിധികൾക്ക് പുറമേ വൊളണ്ടിയറായും സംഘാടക സമിതിയിലും പ്രവർത്തിച്ച നിരവധി ആളുകൾക്കും കോവിഡ് പിടിപെട്ടിട്ടുണ്ട്. നിരവധി പേർ ടെസ്റ്റ് നടത്താതെ വീടുകളിൽ ഐസൊലേഷനിലും കഴിയുന്നുണ്ട്. മന്ത്രിമാർക്ക് അടക്കം കോവിഡ് ബാധിച്ച സ്ഥലമായി പാറശാലയിലെ ജില്ലാ സമ്മേളനം മാറി.
സിപിഎം സമ്മേളനത്തിന് പുറമേ ജില്ലയിലെ പ്രധാന ഷോപ്പിങ് മാളിൽ ബിഗ് സെയിലിന്റെ ഭാഗമായി വലിയ തോതിൽ ആളുകൾ കൂടുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ആളുകൾ കൂടിയ ഇടങ്ങളെല്ലാം രോഗവ്യാപനത്തിന്റെ കേന്ദ്രങ്ങളായി മാറി. 35 ക്ലസ്റ്ററുകളാണ് തിരുവനന്തപുരത്ത് രൂപപ്പെട്ടതെന്ന് ജില്ലാ ഭരണകൂടം വിലയിരുത്തുമ്പോൾ അതിൽ ഒന്ന് സിപിഎം ജില്ലാ സമ്മേളനമാണ്.
ടിപിആർ 30 കടന്ന ജില്ലയിൽ ഒരുതരത്തിലുള്ള പൊതുപരിപാടികളും നടത്തരുതെന്ന് കാണിച്ച് ശനിയാഴ്ച ചീഫ് സെക്രട്ടറിയുടെ ഉത്തരവുണ്ടായിരുന്നു. പൊതുപരിപാടികളിൽ നിന്ന് പിൻമാറണമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവുമുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം അവഗണിച്ചാണ് സിപിഎം ജില്ലാ സമ്മേളനം ഞായറാഴ്ചയും ഗാനമേള അടക്കമുള്ള പരിപാടികളോടെ പൂർത്തിയായത്. രോഗവ്യാപനം ഈ നിലയ്ക്ക് ഉയരാൻ കാരണം ജില്ലാ ഭരണകൂടത്തിന്റെ നിഷ്ക്രിയത്വമാണെന്ന ആക്ഷേപവും ഈ ഘട്ടത്തിൽ ശക്തമാവുകയാണ്.
കാസർകോട്
കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളും സമാപന പൊതുസമ്മേളനം ഉൾപ്പെടെ മാറ്റിയെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്. ജനുവരി 15, 16, 17 തിയതികളിൽ 23 ശതമാനം മാത്രമായിരുന്നു ജില്ലയിലെ ടിപിആർ. എന്നാൽ കഴിഞ്ഞ ദിവസം ഇത് 29.3 ശതമാനത്തിലേക്ക് ഉയർന്നിരുന്നു. ഈ സാഹചര്യത്തിലും ജില്ലാ സമ്മേളനം നടത്താനാണ് പാർട്ടി തീരുമാനം.
21 മുതൽ 23 വരെ മടികൈയിലാണ് ജില്ലാ സമ്മേളനം നടക്കുന്നത്. മടികൈ പഞ്ചായത്തിൽ നിലവിൽ 30 ശതമാനമാണ് ടിപിആർ. 200ൽ താഴെ ആളുകൾ മാത്രമേ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കയുള്ളുവെന്നാണ് സിപിഎം പറയുന്നത്. എന്നാൽ വൊളണ്ടിയർമാർ കൂടി ചേരുമ്പോൾ
300നടുത്ത് ആളുകൾ സമ്മേളനത്തിന്റെ ഭാഗമാകും. 600 പേർക്ക് ഇരിക്കാൻ കഴിയുന്ന വേദിയാണെന്നും സാമൂഹിക അകലം ഉൾപ്പെടെയുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിക്കുമെന്നുമാണ് സിപിഎം ജില്ലാ നേതൃത്വം പറയുന്നത്. ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോഴും ജില്ലാ സമ്മേളനം മുന്നോട്ടുകൊണ്ടുപോകാനുള്ള തീരുമാനത്തിൽ വിട്ടുവീഴ്ചയില്ലെന്നാണ് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കുന്നത്.
തൃശ്ശൂർ
500ലധികം പേർക്ക് ഇരിക്കാവുന്ന ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ 175 പേർ മാത്രമാണ് പങ്കെടുക്കുന്നതെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. അതിനാൽ വലിയ രീതിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയുമെന്നും ജില്ലാ നേതൃത്വം പറയുന്നു.
അതേസമയം 175 പ്രതിനിധികൾക്ക് പുറമേ 11 ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും മറ്റു മേൽകമ്മറ്റികളിൽ നിന്നുള്ള അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും. ഇതിനുപുറമേ വൊളണ്ടിയർമാരും വേദിയിലുണ്ടാകും.
നിലവിൽ ജില്ലയിലെ കോവിഡ് സാഹചര്യം അതീവ ഗൗരവതരമാണ്. കഴിഞ്ഞ ദിവസം മാത്രം 2622 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി 30 ശതമാനത്തിന് മുകളിലാണ് ജില്ലയിലെ ടിപിആർ നിരക്ക്. 28 ക്ലസ്റ്ററുകളും ഇതുവരെ ജില്ലയിൽ രൂപപ്പെട്ടിട്ടുണ്ട്. ഇതിനിടെയാണ് ജില്ലാ സമ്മേളനവുമായി സിപിഎം മുന്നോട്ടുപോകുന്നത്.