മോദിയ്ക്ക് ഇംഗ്ലീഷ് വശമില്ലെങ്കിലും ഹിന്ദിയിൽ അനായാസം സംസാരിക്കുമെന്നും സദസ്സിനെ നോക്കി പ്രസംഗിക്കാനുള്ള കഴിവുണ്ടെന്നുമാണ് എഎൻ ഷംസീര്‍ വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര വേദിയിൽ മോദിയുടെ പ്രസംഗം തടസ്സപ്പെട്ടത് ടെലിപ്രോംപ്റ്ററിൻ്റെ തകരാറു മൂലമാണെന്നും പ്രോംപ്റ്റര്‍ ഇല്ലെങ്കിൽ മോദിയ്ക്ക് പ്രസംഗിക്കാൻ സാധിക്കില്ലെന്നുമാണ് കോൺഗ്രസ് പറയുന്നത്. ഇതിനു പിന്നാലെയാണ് ഷംസീറിൻ്റെ പഴയ വീഡിയോയും വിവാദമാക്കുന്നത്. മോദിയുടെ പിൻഗാമിയായ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന് നോക്കി വായിക്കാതെ പ്രസംഗിക്കാൻ അറിയില്ലെന്നും എന്നാൽ മോദി മനോഹരമായി ഹിന്ദി സംസാരിക്കുമെന്നുമാണ് ഷംസീറിൻ്റെ വാക്കുകള്‍.
Also Read:
“മോദി ഇംഗ്ലീഷ് അങ്ങനെ അനായാസം കൈകാര്യം ചെയ്യുന്നയാളല്ല. പക്ഷെ മനോഹരമായി ഹിന്ദി സംസാരിക്കും. ഉള്ളത് ഉള്ളതുപോലെ പറയണമല്ലോ. മറ്റേത് മൂപ്പര്‍ക്ക് ആവൂല്ല. മോദിയുടെ മുൻഗാമി എന്നു പറയുന്നയാള്‍. മൂപ്പര്‍ക്ക് മിണ്ടാൻ കഴിയില്ല. കടലാസ് നോക്കി വായിക്കും.” മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ട് ഷംസീര്‍ പറഞ്ഞു. പേപ്പര്‍ പറന്നു പോയാൽ അദ്ദേഹത്തിന് “ധന്യവാദ്” പറഞ്ഞ് പ്രസംഗം അവസാനിപ്പിക്കേണ്ടതായി വരുമെന്നും ഷംസീര്‍ പരിഹസിച്ചു. എന്നാൽ മോദിയ്ക്ക് സദസ്സിനെ നോക്കി പ്രസംഗിക്കാനുള്ള കഴിവുണ്ടെന്നായിരുന്നു ഷംസീറിൻ്റെ വിശദീകരണം.
Also Read:
“ചിലര്‍ക്ക് പ്രസംഗം എന്നു പറയുന്നത് ഒരു കഴിവാണ്. ചിലര്‍ക്കത് ജന്മനാ കിട്ടും. എല്ലാവരും ജനിക്കുമ്പോള്‍ പ്രാസംഗികൻ ഒന്നുമല്ല. സ്ഥിരപരിശ്രമത്തിലൂടെയാണ് നേടിയെടുക്കുന്നത്. ഏതു സദസ്സിലും പോയി പ്രസംഗിക്കാൻ കഴിവുള്ളയാളാണ് മോദി.” ഷംസീര്‍ വ്യക്തമാക്കി. ടെലിപ്രോപ്റ്ററിൻ്റെ തകരാറു മൂലം മോദിയ്ക്ക് പ്രസംഗം ഇടയ്ക്ക് നിര്‍ത്തേണ്ടി വന്നെന്ന പരിഹാസം ഉയരുന്നതിനിടെയാണ് ഷംസീറിൻ്റെ പ്രശംസ കോൺഗ്രസ് അനുകൂലികള്‍ കുത്തിപ്പൊക്കുന്നത്. ഇടയ്ക്ക് വെച്ച് പെട്ടെന്ന് പ്രസംഗം അവസാനിപ്പിക്കുകയും മോദി അസ്വസ്ഥനാകുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. എന്നാൽ ടെലിപ്രോംപ്റ്റര്‍ തകരാറല്ലെന്നും ആശയവിനിമയത്തിലുണ്ടായ പ്രശ്നമാണ് പ്രസംഗം തടസ്സപ്പെടാൻ കാരണമെന്നുമാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.