തിരുവനന്തപുരം
എൽഡിഎഫ് സർക്കാർ വാഗ്ദാനം ചെയ്ത ഒരു ജനകീയ പദ്ധതികൂടി യാഥാർഥ്യമാകുന്നു. സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലത്തിലും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 100 കുടുംബത്തിനുവീതം മേയിൽ കെ ഫോണിന്റെ സൗജന്യ കണക്ഷൻ ലഭിക്കും. 20 ലക്ഷം കുടുംബത്തിന് സൗജന്യമായും മറ്റുള്ളവർക്ക് സബ്സിഡി നിരക്കിലും ബ്രോഡ്ബാൻഡ് കണക്ഷൻ നൽകുന്നതാണ് പദ്ധതി. 2019ൽ കരാർ ഒപ്പിട്ട പദ്ധതി പ്രളയവും കോവിഡും ഉൾപ്പെടെ പ്രതികൂല സാഹചര്യങ്ങൾ മറികടന്ന് ലക്ഷ്യം കാണുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
2600 കിലോമീറ്റർ ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ സ്ഥാപിക്കാനുള്ളതിൽ 2045 കി.മീ പൂർത്തീകരിച്ചു. 34,961 കി.മീ. എഡിഎസ്എസ് ഫൈബർ ഒപ്റ്റിക് കേബിൾ ഇടാനുള്ളതിൽ 14 ജില്ലയിലായി 11,906 കി.മീറ്ററും ഇട്ടു. 375 പോപ്പിൽ (പോയിന്റ് ഓഫ് പ്രസൻസ്) 114 എണ്ണം പൂർത്തിയായി. 216 എണ്ണം പൂർത്തിയാകുന്നു. കെഎസ്ഇബി സബ്സ്റ്റേഷനുകളിൽ ആണിവ.
നെറ്റ്വർക് ഓപ്പറേറ്റിങ് സെന്ററിന്റെ മുഴുവൻ പണിയും കഴിഞ്ഞു. എൻഡ് ഓഫീസ് കണക്റ്റിവിറ്റി ലക്ഷ്യമിടുന്ന 30,000 സർക്കാർ ഓഫീസിൽ 3019 എണ്ണം ഡിസംബറിൽ പ്രവർത്തനസജ്ജമായിരുന്നു. ബാക്കി ഓഫീസുകളിൽ മാസം 3000 മുതൽ 5000 വരെ നൽകി ജൂണിൽ പൂർത്തിയാക്കും.
വിവരസാങ്കേതികവിദ്യയിൽ വൻ പുരോഗതി ഉണ്ടായിരുന്നിട്ടും പത്തിൽ താഴെ ശതമാനം സർക്കാർ ഓഫീസുകൾമാത്രമേ സ്റ്റേറ്റ് നെറ്റ്വർക്കുമായി ബന്ധിപ്പിച്ചിട്ടുള്ളൂ. ഒപ്ടിക്കൽ ഫൈബർ അതിലും കുറഞ്ഞ ശതമാനമേ ഉള്ളൂ. ഭൂരിഭാഗം വീടുകളും ഹൈസ്പീഡ് ബ്രോഡ്ബാൻഡിലേക്ക് മാറിയിട്ടില്ല. ഇതിനാണ് കെ ഫോൺ വഴി പരിഹാരമാകുന്നത്. ഇടതുപക്ഷ സർക്കാർ പറയുന്നത് പ്രാവർത്തികമാക്കും എന്നത് കഴിഞ്ഞ ആറു വർഷത്തെ അനുഭവമാണെന്നും കെ- ഫോണും അതിന്റെ ഭാഗമാകുമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.