തിരുവനന്തപുരം
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പിന്റെ നിർദേശം. ആളുകൾ കൂട്ടംകൂടരുത്. പ്രതിരോധ നിർദേശങ്ങൾ പാലിക്കണം. ചൊവ്വാഴ്ച രോഗികൾ 28,000 കടന്നു. രോഗസ്ഥിരീകരണ നിരക്ക് 35.27 ആയി. രോഗികളുടെ എണ്ണത്തിൽ മുൻ ആഴ്ചയെ അപേക്ഷിച്ച് 204 ശതമാനം വർധനയാണ്. വ്യാഴാഴ്ച കോവിഡ് അവലോകന യോഗം ചേരും. കോളേജുകൾ അടയ്ക്കുന്നത് പരിഗണനയിലാണെന്ന് ഉന്നത വിദ്യാഭ്യാസ-മന്ത്രി ആർ ബിന്ദു പറഞ്ഞു.
മൂന്നുദിവസം പനിച്ചാൽ വൈദ്യസഹായം തേടണം
കോവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്നവർക്ക് പുതിയ മാർഗനിർദേശങ്ങളുമായി ആരോഗ്യവകുപ്പ്. രോഗലക്ഷണങ്ങൾ കണ്ടാൽ വൈദ്യസഹായം തേടുകയും കുടുംബാംഗങ്ങളുമായി സാമൂഹ്യ അകലം പാലിക്കുകയും വേണം. രോഗിയുമായി സമ്പർക്കം പുലർത്തിയാൽ സ്വയം നിരീക്ഷണത്തിലിരിക്കണം.
മൂന്നുദിവസം തുടർച്ചയായി അനുഭവപ്പെടുന്ന പനി, ശ്വാസോച്ഛ്വാസത്തിനുള്ള ബുദ്ധിമുട്ട്, നെഞ്ചിൽ വേദനയും മർദവും അനുഭവപ്പെടുക, ആശയക്കുഴപ്പവും എഴുന്നേൽക്കാൻ ബുദ്ധിമുട്ടും കടുത്ത ക്ഷീണവും പേശീവേദനയും ശരീരത്തിൽ ഓക്സിൻ അളവ് കുറയുക തുടങ്ങിയവയിൽ ഏതെങ്കിലും ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടണം.
വായുസഞ്ചാരമുള്ള മുറിയിലാകണം സമ്പർക്കവിലക്കിൽ കഴിയേണ്ടത്. എപ്പോഴും എൻ 95 മാസ്കോ ഡബിൾ മാസ്കോ ഉപയോഗിക്കണം. ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും വേണം. കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. പാത്രങ്ങൾ ഉൾപ്പെടെ വ്യക്തിഗത ആവശ്യത്തിനായി ഉപയോഗിക്കുന്ന വസ്തുക്കൾ ആരുമായും പങ്കുവയ്ക്കരുത്. ഇടയ്ക്കിടെ സ്പർശിക്കുന്ന പ്രതലങ്ങൾ സോപ്പ്, ഡിറ്റർജന്റ്, വെള്ളം എന്നിവ ഉപയോഗിച്ച് വൃത്തിയാക്കണം. ഓക്സിജൻ അളവ്, ശരീര ഊഷ്മാവ് എന്നിവ കൃത്യമായി നിരീക്ഷിക്കണം. കോവിഡ് പോസിറ്റീവായി ചുരുങ്ങിയത് ഏഴു ദിവസമെങ്കിലും പിന്നിടുകയോ മൂന്നു ദിവസത്തിൽ പനി ഇല്ലാതിരിക്കുകയോ ചെയ്താൽ ഹോം ഐസൊലേഷൻ അവസാനിപ്പിക്കാം. ഇതിനുശേഷം വീണ്ടും ടെസ്റ്റ് ചെയ്യേണ്ടതില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു.
ആശുപത്രികളിൽ പ്രതിസന്ധിയില്ല
സർക്കാർ ആശുപത്രികളിൽ വിവിധ വിഭാഗങ്ങൾ അടച്ചുപൂട്ടിയെന്ന മാധ്യമ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആശുപത്രികളിൽ പ്രതിസന്ധിയില്ല. കിടത്തിചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണം മുൻ രോഗവ്യാപന നാളുകളിലേക്കാൾ കുറവാണ്. ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനവും ഓക്സിജൻ സിലിണ്ടറുകളുടെ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്.
സ്കൂളിൽ വാക്സിൻ ഇന്നുമുതൽ
സംസ്ഥാനത്ത് കൗമാരക്കാർക്ക് ബുധനാഴ്ച മുതൽ സ്കൂളുകളിൽ കോവിഡ് വാക്സിൻ നൽകും. പകൽ ഒമ്പതുമുതൽ മൂന്നുവരെയാണ് കുത്തിവയ്പ്. സ്കൂളുകളുടെ സൗകര്യം കണക്കിലെടുത്ത് സമയത്തിൽ മാറ്റം വരുത്താം. 15നു മുകളിലുള്ള കുട്ടികൾക്ക് വാക്സിൻ എടുത്തെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അഭ്യർഥിച്ചു.
63 പേര്ക്കുകൂടി
ഒമിക്രോണ്
സംസ്ഥാനത്ത് 63 പേർക്കുകൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. നാലുപേർ വിവിധ രാജ്യങ്ങളിൽനിന്ന് വന്ന തമിഴ്നാട് സ്വദേശികളാണ്. 36 പേർ വിവിധ രാജ്യങ്ങളിൽനിന്ന് വന്നവരാണ്. ഒമ്പതുപേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും. തിരുവനന്തപുരത്തുള്ള ഏഴുപേർക്കും തൃശൂരിലെ രണ്ടുപേർക്കും സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ.
തിരുവനന്തപുരത്തെ ആറുപേർ മാർ ബസേലിയോസ് കോളേജിലെ വിദ്യാർഥികളാണ്. വിനോദയാത്രയ്ക്കുശേഷം കോവിഡ് ക്ലസ്റ്റർ ആയതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 591 പേർക്കാണ് ഒമിക്രോൺ.