കൊച്ചി
പ്രായത്തെയും തോൽപ്പിച്ച് പായുന്ന സാഹിത്യമെഴുത്തിന്റെ പേരാണ് അഗസ്തി കുഞ്ഞഗസ്തി എന്ന എ കെ പുതുശേരി. എറണാകുളം നോർത്തിൽ വി പി ആന്റണി റോഡിലെ വീട്ടിൽ ബുധനാഴ്ച എൺപത്തേഴാം പിറന്നാൾ ആഘോഷിക്കുമ്പോൾ കൈയിലുള്ളത് തന്റെ എൺപത്തെട്ടാം പുസ്തകം. ആത്മകഥയുടെ രണ്ടാംഭാഗത്തിന്റെ രചന പുരോഗതിയിൽ. ഇപ്പോഴും പ്രണയകവിതയെഴുതുന്നയാളെന്ന് സ്വയം വിശേഷിപ്പിക്കുന്ന കുഞ്ഞഗസ്തി ഏഴാംക്ലാസിൽ പഠിക്കുമ്പോഴാണ് എഴുതിത്തുടങ്ങിയത്. പിന്നീട് 23 ബൈബിൾ നാടകങ്ങൾ, ഒമ്പത് സാമൂഹിക നാടകം, 21 നോവൽ, മൂന്ന് ചെറുകഥാ സമാഹാരം, 16 ബാലസാഹിത്യം, 14 ബാലെ എന്നിവ എഴുതി പുസ്തകമാക്കി. പത്താംക്ലാസ് വിദ്യാർഥിയായിരിക്കെ ആദ്യ നാടകം ‘ഭാരമുള്ള കുരിശ്’ അഗസ്തിയുംകൂടിയാണ് അവതരിപ്പിച്ചത്. ആദ്യം പുസ്തകമായതും ഈ നാടകം. കൊച്ചിയിലെ കാർമൽ തിയറ്റേഴ്സിനുവേണ്ടി 12 ബൈബിൾ നാടകങ്ങളെഴുതി. ബാലെയിലെ മുടിചൂടാമന്നൻ അശോക്രാജ് സംഘത്തിനുവേണ്ടി, ആറുമണിക്കൂർ അവതരണ ദൈർഘ്യമുള്ള മായാമാധവം ഉൾപ്പെടെ ഒട്ടേറെ രചനകൾ നടത്തി.
നോവലുകളിൽ 12 എണ്ണം കൊച്ചിയിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ചിത്രകൗമുദിക്കുവേണ്ടിയായിരുന്നു. ഫിലിംനാദം, സത്യദീപം, സത്യനാദം എന്നിവയ്ക്ക് ഒരേസമയം തുടരൻ നോവലെഴുതിയ കാലവുമുണ്ടായിരുന്നെന്ന് കുഞ്ഞഗസ്തി. രാത്രിയിൽ ഒരുമണിക്കൂർ മാത്രമായിരുന്നു ഉറക്കം. ഇക്കാലത്തെല്ലാം അച്ചടിസ്ഥാപനമായ എസ്ടി റെഡ്ഡ്യാറിൽ ജോലിയുമെടുത്തിരുന്നു. 62 വർഷം സേവനമനുഷ്ഠിച്ചാണ് അവിടെനിന്ന് പിരിഞ്ഞത്.
1000 പുസ്തകം അച്ചടിക്കുമ്പോൾ 100 എണ്ണം പ്രതിഫലമായി വാങ്ങും. അത് വിറ്റ് കിട്ടുന്നതാണ് എഴുത്തിൽനിന്നുള്ള വരുമാനം. കുട്ടികൾക്കുവേണ്ടിയുള്ളതാണ് എൺപത്തെട്ടാം പുസ്തകം. പേര് മിണ്ടാപ്രാണികളുടെ സങ്കീർത്തനം. പിറന്നാൾ തലേന്ന് ഭാര്യ ഫിലോമിനയ്ക്ക് പുസ്തകം കൈമാറി. ‘കുഞ്ഞഗസ്തിയുടെ കുസൃതി ചിരി’യാണ് ആത്മകഥയുടെ ആദ്യഭാഗത്തിന്റെ പേര്. വിവാഹശേഷമാണ് എഴുത്തിന്റെ നല്ലകാലമെന്ന് അഗസ്തി. 115 പെണ്ണുകാണലിനുശേഷമാണ് ജീവിതപങ്കാളിയായി കുമ്പളംകാരി ഫിലോമിനയെ കണ്ടെത്തിയത്. സന്തോഷകരമായ ദാമ്പത്യത്തിന് 54 വയസ്സ്. നാലുമക്കൾ. ഡോ. ജോളി പുതുശേരി (ഹൈദരാബാദ് സെൻട്രൽ സർവകലാശാല), റോയ് പുതുശേരി, ബൈജു പുതുശേരി (റിട്ട. നേവി), നവീൻ പുതുശേരി (എച്ച്എസ്എ, കുന്നുംപുറം ഗവ. സ്കൂൾ).