കണ്ണൂർ
നായനാർ അക്കാദമിയിൽ ഒരുക്കുന്ന മ്യൂസിയം ഏപ്രിൽ ആദ്യം തുറക്കുമെന്ന് പാർടി കോൺഗ്രസ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനംചെയ്ത് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ ചരിത്രം വ്യക്തമാക്കുന്നതായിരിക്കും മ്യൂസിയം. നായനാരുടെയും മറ്റ് കമ്യൂണിസ്റ്റ് നേതാക്കളുടെയും ജീവിതം, കണ്ണൂർ ജില്ലയിലെ പോരാട്ടം, കേരളത്തിന്റെ സമര ഭൂമികയുടെ ചരിത്രം തുടങ്ങിയവയും ആധുനിക സംവിധാനത്തോടെ ആകർഷകമായി ഒരുക്കും. കണ്ണൂരിൽ എത്തുന്ന ഏതൊരാൾക്കും കാണാൻ പറ്റുന്ന ആകർഷക കേന്ദ്രമാകും.
പാർടി കോൺഗ്രസിന് വേദിയാകുന്ന നായനാർ അക്കാദമിയിൽ ആവശ്യമായ മറ്റ് ക്രമീകരണവും ഏർപ്പെടുത്തും. കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് പാർടി കോൺൺഗ്രസിന്റെ തുടർ നടപടി ആവിഷ്കരിക്കും. പാർടി കോൺഗ്രസിനാവശ്യമായ ഫണ്ട് കണ്ണൂർ ജില്ലയിൽനിന്നും മാത്രമായിരിക്കും സമാഹരിക്കുക. കുത്തക മുതലാളിമാരുടെയും കോർപറേറ്റുകളുടെയും കാശ് വാങ്ങില്ല. പാർടി പ്രവർത്തകർ ഓരോ വീടും സന്ദർശിച്ച് തുക സമാഹരിക്കും.
ദേശീയതലത്തിൽ പ്രഗത്ഭർ പങ്കെടുക്കുന്ന സെമിനാറുകൾക്ക് പുറമെ ശാസ്ത്ര മേളയും സംഘടിപ്പിക്കും. കേരളത്തെ വൈജ്ഞാനിക സമൂഹമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാർടി പ്രവർത്തിക്കുന്നത്. ഇതിനായി ഗ്രന്ഥശാല പ്രസ്ഥാനങ്ങളെയും ശാസ്ത്ര സംഘടനകളെയും ചരിത്ര പണ്ഡിതരെയും ഏകോപിപ്പിച്ച് വിപുലമായ പരിപാടി സംഘടിപ്പിക്കും. അതോടൊപ്പം നവകേരളം സൃഷ്ടിക്കാൻ എന്തൊക്കെ ചെയ്യണമെന്നതിനെ കുറിച്ച് അന്താരാഷ്ട്ര വിദഗ്ധരെ പങ്കെടുപ്പിച്ച് ചർച്ച സംഘടിപ്പിക്കുമെ ന്നും കോടിയേരി പറഞ്ഞു.