തിരുവനന്തപുരം: തലസ്ഥാനത്തെകോവിഡ് സാഹചര്യംഅതീവ ഗുരുതരമെന്ന് മന്ത്രി ആന്റണി രാജു. ടെസ്റ്റ് ചെയ്യുന്ന രണ്ടിലൊരാൾ പോസിറ്റീവ് ആവുകയാണ്. കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നില്ലെങ്കിലും നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രത്യേക അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിൽ ഏറ്റവും ഉയർന്ന ടി.പി.ആർ ഉള്ള ജില്ല തിരുവനന്തപുരമാണ്. 48 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.തിരുവനന്തപുരം നഗരത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. നിയമന്ത്രണങ്ങൾ കൃത്യമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങൾ തിരിച്ചറിയണം.
ജില്ലയിൽ കളക്ടർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കും. വിവാഹങ്ങൾ 50 പേർ പങ്കെടുക്കണമെന്ന നിർദേശം പല സ്ഥലങ്ങളിലും ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കാൻ പോലീസിന് നിർദേശം നൽകും.
നിയന്ത്രണങ്ങൾക്കുള്ള നിർദേശങ്ങൾ ജനങ്ങൾ ഗൗരവത്തിൽ എടുക്കുന്നില്ല എന്നാണ് യോഗത്തിന്റെ വിലയിരുത്തൽ.ഈ സ്ഥിതിക്ക് മാറ്റമുണ്ടാവണം. മാളുകൾക്കും നിർദേശങ്ങൾ ബാധകമാണ്. മാളുകളിലെ തിരക്കുകൾ നിയന്ത്രിക്കണം. സർക്കാരിന്റെ എല്ലാ പരിപാടികളും നിലവിലെ സാഹചര്യത്തിൽ മാറ്റിയിട്ടുണ്ട്. അപ്പോഴും ചില സംഘടനകൾ അവർ തീരുമാനിച്ച പരിപാടിയുമായി മുന്നോട്ട് പോകുകയാണ്. അത് ഒരു കാരണവശാലും അംഗീകരിക്കില്ല.തിരുവനന്തപുരത്തെ കോവിഡ് വ്യാപനം കുറയ്ക്കുന്നതിനായുള്ള ചില നിർദേശങ്ങൾ സർക്കാരിലേക്ക് നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളിൽ മുഖ്യമന്ത്രിയും ഉന്നതാധികാര സമിതിയുമാണ് തീരുമാനമെടുക്കേണ്ടതെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി.
ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു എന്നിവർ പങ്കെടുത്ത ഉന്നതതലയോഗത്തിലാണ് ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചത്. കോവിഡ് വ്യാപന നിരക്ക് പ്രതിദിനം ഉയർന്നുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൂട്ടം കൂടുന്നതുൾപ്പെടെ ഒഴിവാക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കാൻ മന്ത്രിമാർ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വിവാഹ, മരണാനന്തര ചടങ്ങുകൾക്കുള്ള നിയന്ത്രണങ്ങൾ കടുപ്പിക്കും. പങ്കെടുക്കുന്നവരുടെ എണ്ണം 50 ൽ കൂടാതിരിക്കാൻ പോലീസ് നിരീക്ഷണം കർശനമാക്കാനും യോഗം തീരുമാനിച്ചു.
ടിപിആർ നിരക്ക് 48 ശതമാനമായി ഉയർന്ന സാഹചര്യത്തിൽ ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്ന് മന്ത്രിമാർ നിർദേശിച്ചു. ആശുപത്രികളും കോളേജുകളും ഉൾപ്പെടെ ജില്ലയിൽ നിലവിൽ 35 കോവിഡ് ക്ലസ്റ്ററുകളാണുള്ളത്. 7 സിഎഫ്എൽടിസികൾ പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യപ്രവർത്തകരുൾപ്പെടെ കോവിഡ് ബാധിതരാകുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും യോഗം നിർദേശിച്ചു. മാളുകളിലും വ്യാപാരസ്ഥാപനങ്ങളിലും തിരക്ക് അനുവദിക്കില്ല. ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
തിരുവനനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പോലീസ് കമ്മീഷണർ, റൂറൽ പോലീസ് സൂപ്രണ്ട്, ജില്ലാ മെഡിക്കൽ ഓഫീസർ, റവന്യൂ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Content Highlights: covid restrictions, Thiruvananthapuram