കണ്ണൂർ:കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷ സാന്നിധ്യമില്ലാത്തത് രാഹുൽ ഗാന്ധിയുടെ നയമാണോ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇന്ത്യ ഭരിക്കേണ്ടത് ഹിന്ദുക്കളാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധിയുടേത് ഏറ്റവും വലിയ വർഗീയ പരാമർശമാണ്. കോൺഗ്രസിന് മതേതര മുഖം നഷ്ടമായെന്ന് പറഞ്ഞ കോടിയേരി ദേശീയ തലത്തിൽ തന്നെ കോൺഗ്രസ് ന്യൂനപക്ഷ നേതാക്കളെ തഴഞ്ഞുവെന്നും ആരോപിച്ചു.
കോൺഗ്രസ് നേതാക്കളായി ആര് വരണം എന്നുള്ളത് കോൺഗ്രസുകാർ തീരുമാനിക്കേണ്ടതാണ്. പക്ഷേ, കേരളത്തിലെ കോൺഗ്രസിന് എല്ലാക്കാലത്തും ഒരു മതേതരത്വ സ്വഭാവം ഉണ്ടെന്ന് സ്ഥാപിക്കാൻ വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ട ഒരു നേതൃനിരയായിരുന്നു ഉണ്ടായിരുന്നത്. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് എ.എൽ. ജേക്കബിനെ കെ.പി.സി.സി. പ്രസിഡൻറാക്കി. എ.കെ. ആൻറണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കെ.മുരളീധരനെ കെ.പി.സി.സി.പ്രസിഡൻറാക്കി. കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൽ മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു കെ.പി.സി.സി.പ്രസിഡൻറ്.
മതേതരത്വം കാത്തുസൂക്ഷിക്കാനാണ് ഇത്തരത്തിൽ പ്രതിനിധ്യം കൊടുക്കുന്നതെന്നണ് കോൺഗ്രസ് അപ്പോഴെല്ലാം അവകാശപ്പെട്ടിരുന്നത്.ആകീഴ്വഴക്കം ഇപ്പോൾ ലംഘിക്കാൻ കാരണമെന്താണ്?ഈ ലംഘനം നടത്തിയതിന് പിന്നിൽ കോൺഗ്രസ് നേതൃത്വത്തിൽ ദേശീയ രാഷ്ട്രീയത്തിൽ വന്നുകൊണ്ടിരിക്കുന്ന നിലപാടാണ്. ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും ഹിന്ദുക്കളാണ് ഇന്ത്യഭരിക്കേണ്ടതെന്നുമാണ് രാഹുൽ ഗാന്ധി പരസ്യമായി പറഞ്ഞിരിക്കുന്നത്.
ഈ കാഴ്ച്ചപാടിൻറെ അടിസ്ഥാനത്തിൽ കോൺഗ്രസിലെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട നേതാക്കളെയെല്ലാം ഇപ്പോൾ അവഗണിച്ച് ഒതുക്കിവെച്ചിരിക്കുന്നുവെന്നും കോടിയേരി ആരോപിച്ചു. ഗുലാം നബി ആസാദ് എവിടെ?സൽമാൻ ഖുർഷിദ് എവിടെ? കെ.വി.തോമസ് എവിടെ? ഇവരെയെല്ലാം ഒതുക്കിവെച്ചത് ഇപ്പോൾ കോൺഗ്രസ് സ്വീകരിച്ചുവരുന്ന നിലപാടിൻറെ ഭാഗമാണ്. ഇക്കാര്യമാണ് കോൺഗ്രുകാരാണ് ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞതല്ലേ ഏറ്റവും വലിയ വർഗീയത ? രാഹുൽ ഗാന്ധി പറഞ്ഞതിനെ ശക്തമായി എതിർക്കാൻ എന്തുകൊണ്ടാണ് കോൺഗ്രസിന് സാധിക്കാത്തത് ? രാഹുൽ ഗാന്ധിയുടെ നിലപാട് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിൻറെ നിലപാടിന് അനുകൂലമാണ്. രാഹുൽ ഗാന്ധിയുടെ ജയ്പുർ പ്രസംഗത്തെ തള്ളിപ്പറയാൻ കോൺഗ്രസ് നേതാക്കൾ തയ്യാറുണ്ടോ? അതാണ് അവർ വ്യക്തമാക്കേണ്ടത്.
ഇടതുപക്ഷ പാർട്ടികൾ ഒരിക്കലും ഇക്കാര്യം അവകാശപ്പെട്ടിട്ടില്ലെന്ന് സിപിഎം നേതൃത്വത്തിൽ ന്യൂനപക്ഷ നേതാക്കളില്ലല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയിയി അദ്ദേഹം പറഞ്ഞു. ഏത് വിഭഗത്തിൽപ്പെട്ട നേതാക്കളായാലും മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്ന ആളായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights:Rahul Gandhis policy is to ignore minorities says CPM secretary Kodiyeri Balakrishnan