തിരുവനന്തപുരം: കോടികളുടെ കൈക്കൂലിക്കേസിൽ ഒളിവിൽ പോയ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ നാടകീയമായ തിരികെ ജോലിയിൽ പ്രവേശിച്ചു. കോടിക്കളുടെ കൈക്കൂലി വീട്ടിൽ ഒളിപ്പിച്ച കേസിലെ രണ്ടാംപ്രതി ജോസ് മോനാണ് കോഴിക്കോട്ടെ ഓഫീസിലെത്തി ചുമതലയേറ്റത്. സംഭവം വിവാദമായതിന് പിന്നാലെ ജോസ്മോനെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയും ഉത്തരവിറക്കി.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ തിരുവനന്തപുരം ഹെഡ് ഓഫീസിലെ സീനിയർഎഞ്ചിനിയറായിരുന്നു ജോസ് മോൻ. അദ്ദേഹം കോട്ടയത്ത് ജോലി ചെയ്തിരുന്ന സമയത്ത് അനധികൃതമായ നിരവധി ആളുകളിൽ നിന്ന് കൈക്കൂലി വാങ്ങിയിരുന്നു. കോടികളുടെ സ്വത്ത് സമ്പാദിക്കുകയും ചെയ്തു. ഈ വിവരങ്ങളെല്ലാം കോട്ടയത്തെ പൊലുഷൻ കൺട്രോൾ ബോർഡിന്റെ ഓഫീസിൽ നടത്തിയ പരിശോധനയിൽ വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതനുസരിച്ച് ഹൈക്കോടതിയിൽ റിപ്പോർട്ടും നൽകിയിരുന്നു. ഇതിനിടെയാണ് ജോസ് മോൻ തിരികെ ജോലിയിൽ പ്രവേശിച്ചത്.
അതേസമയം ഇയാളെക്കുറിച്ചുള്ള വിജിലൻസ് അന്വേഷണ റിപ്പോർട്ട് തങ്ങൾക്ക് കിട്ടിയിട്ടില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് പറയുന്നത്. ജോസ്മോനെ സ്ഥലംമാറ്റിയുള്ള ഉത്തരവ് തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന്റെ ഭാഗമായി നടത്തിയ സാങ്കേതിക നടപടിക്രമങ്ങളുടെ ഭാഗമാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ എ.ബി പ്രദീപ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ജോസ്മോൻ ചുമതല ഏൽക്കാനെത്തില്ലെന്ന് കരുതിയാണ് ഉത്തരവിറക്കിയതെന്നും ചെയർമാൻ വ്യക്തമാക്കി.
സീനിയർഎൻവയോൺമെന്റൽ എഞ്ചിനിയറായ ജോസ് മോനെ കോഴിക്കോട്ടേക്ക്എൻവയോൺമെന്റൽ എഞ്ചിനിയറായാണ് സ്ഥലംമാറ്റിയത്. ഇത് തരംതാഴ്ത്തലാണെന്നാണും ചെയർമാൻ വിശദീകരിച്ചു. കോഴിക്കോട് ഓഫീസിലെ സ്വതന്ത്ര ചുമതലയുള്ള പദവിയാണിത്. വിവാദം ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് സ്വതന്ത്ര ചുമതലയിൽ നിന്ന് മാറ്റി അദ്ദേഹത്തെ വീണ്ടും ഹെഡ് ഓഫീസിലേക്ക് തന്നെ സ്ഥലംമാറ്റി ഉത്തരവ് നൽകിയതെന്നും ചെയർമാൻ പറഞ്ഞു.
ചുമതലയേൽക്കുന്നതിന് മുമ്പായി ഇയാൾ മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനെ വിളിച്ച് ചുമതലയേൽക്കട്ടെയെന്ന് ചോദിച്ചിരുന്നു. അനുമതി കിട്ടിയ ശേഷമാണ് ചുമതലയേറ്റത്. കൈക്കൂലി കേസിലെ ഒന്നാം പ്രതിയായ എഎം ഹാരിസ് നിലവിൽ ജയിലിലാണ്.
content highlights:bribery case accused has returned to work