തിരുവനന്തപുരം
സിൽവർ ലൈൻ വിശദ പദ്ധതിരേഖ (ഡിപിആർ)യിൽ കണക്കാക്കിയത് പ്രതിദിന ദീർഘദൂര യാത്രക്കാരുടെ എണ്ണംമാത്രം. ചെറുദൂര യാത്രക്കാരെക്കൂടി ഉൾപ്പെടുത്തിയാൽ ഇപ്പോൾ കണക്കാക്കിയതിന്റെ ഇരട്ടിയിലെത്തും. പദ്ധതി കമീഷൻ ചെയ്യുന്ന 2025–-26ൽ പ്രതിദിനം ശരാശരി 79,934 യാത്രക്കാർ ഉണ്ടാകുമെന്നാണ് ഡിപിആർ പറയുന്നത്. 200 കിലോമീറ്ററിലധികം യാത്രചെയ്യുന്നവരുടെ ശരാശരി എണ്ണം കണ്ടെത്തിയാണ് യാത്രക്കാരെ സംബന്ധിച്ച് പ്രാഥമിക പഠനം തുടങ്ങിയത്. കുറഞ്ഞ യാത്രക്കാർ–- 54,000. കൂടിയത്–- 1.14 ലക്ഷം. രാവിലെയും വൈകിട്ടുമുള്ള തിരക്കേറിയ സമയത്തെ യാത്രക്കാർ, ഉത്സവസീസണിലെ യാത്രക്കാർ എന്നിവയും കണക്കാക്കിയിട്ടുണ്ട്.
പാലിയേക്കര ടോൾ പ്ലാസയിൽ എറണാകുളം– -തൃശൂർ റൂട്ടിൽ 77,639 വാഹനം പ്രതിദിനം കടന്നുപോകുന്നുവെന്നാണ് കെ–- റെയിൽ ട്രാഫിക് സർവേയിൽ കണ്ടത്. ഇതിൽ 36 ശതമാനം കാറും അഞ്ചു ശതമാനം ബസുമാണ്. 11 ശതമാനത്തിലധികവും 200 കിലോ മീറ്ററിൽ കൂടുതൽ യാത്ര ചെയ്യുന്നവയാണ്.
കാർ യാത്രക്കാരിൽ 12 ശതമാനവും സിൽവർ ലൈനിലേക്ക് മാറാൻ സന്നദ്ധരാണെന്നും വ്യക്തമായി. ട്രെയിൻ യാത്രക്കാരിൽനിന്നുള്ള മാറ്റവും നേട്ടമാകും. തേഡ് എസിയിൽനിന്നുമാത്രം 39 ശതമാനം യാത്രക്കാരെ ആകർഷിക്കാനാകും. തിരുവനന്തപുരത്തുനിന്ന് എറണാകുളം, കോഴിക്കോട്, കാസർകോട് എന്നിങ്ങനെ ദീർഘദൂരയാത്രക്കാരെ കണക്കാക്കിയാണ് പദ്ധതി ബഹുവിധത്തിൽ നേട്ടമുണ്ടാക്കാനാകുമെന്ന് കണ്ടെത്തിയത്. തിരുവനന്തപുരം–- കൊല്ലം–- ചെങ്ങന്നൂർ–-കോട്ടയം പാതയിൽ ചെറുദൂരയാത്രക്കാർ വൻതോതിലായിരിക്കുമെന്നും ഡിപിആറിൽനിന്ന് വ്യക്തമാണ്.
റോഡ് അപകടം കുറയ്ക്കലും പദ്ധതി ലക്ഷ്യം
വാഹനപ്പെരുപ്പം കാരണമുള്ള റോഡപകടങ്ങൾ കുറയ്ക്കുക എന്നതും യാത്രാസംവിധാന പരിഷ്കരണത്തെക്കുറിച്ച് കൂടുതൽ ചിന്തിപ്പിച്ചെന്ന് സിൽവർ ലൈൻ ഡിപിആർ വ്യക്തമാക്കുന്നു. 2018ലെ സർവേ പ്രകാരം രാജ്യത്ത് 1000 പേർക്ക് ശരാശരി 177 വാഹനമാണെങ്കിൽ കേരളത്തിൽ 361 ആണ്. അമേരിക്കൻ ശരാശരിയോട് അടുക്കുകയാണ് ഇപ്പോൾ. എന്നാൽ, റോഡപകടങ്ങളിലും കേരളം ഒന്നാമതാകുന്നതും പരിഷ്കരണത്തെക്കുറിച്ച് ചിന്തിപ്പിക്കുന്നു.
ജന,- വാഹന സാന്ദ്രതയിൽ മുന്നിലുള്ള കേരളം വികസനസൂചികയിലുണ്ടാക്കിയ വർധനയും സിൽവർ ലൈൻ പദ്ധതിയിലേക്ക് നയിച്ചു. മാനുഷിക–- അനുബന്ധ സൂചികയിലും സംസ്ഥാനം രാജ്യത്ത് മുന്നിലാണെന്നു മാത്രമല്ല ലോകനിലവാരത്തിലുമാണ്. ഇന്ത്യ–- 0.647, കേരളം –- 0.779. അതേസമയം, റെയിൽ, റോഡ് വേഗത്തിൽ കേരളം പിന്നോട്ടുപോയി. രണ്ടിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് 30–-40 ശതമാനം വേഗം കുറവാണെന്നും ഡിപിആർ പറയുന്നു.