കൊച്ചി:നടിയെ ആക്രമിച്ചതിലെ ഗൂഢാലോചന കേസിലെ വി.ഐ.പി. ദിലീപിന്റെ സുഹൃത്തും ഹോട്ടൽ ഉടമയുമായ ശരത്തെന്ന് സംശയം. സംവിധായകൻ ബാലചന്ദ്രകുമാർ ശരത്തിന്റെ ശബ്ദം തിരിച്ചറിഞ്ഞതായാണ് വിവരം. ശരത്തിന്റെ ആലുവയിലെ വീട്ടിൽ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തി.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചത് ഈ വി.ഐ.പിയാണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ബാലചന്ദ്രകുമാർ നൽകിയ ടേപ്പിലെ ശബ്ദം ശരത്തിന്റേതാണോയെന്ന് ക്രൈം ബ്രാഞ്ച് പരിശോധിച്ചുവരികയാണ്. ശരത്ത് ഒളിവിലാണെന്ന് ക്രൈം ബ്രാഞ്ച് എസ്.പി. മോഹനചന്ദ്രൻ അറിയിച്ചു.
ക്രൈം ബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശരത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തുന്നത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആരംഭിച്ച റെയ്ഡ് രാത്രി 8.30 ഓടെയാണ് അവസാനിച്ചത്. സൂര്യ ഹോട്ടൽ ഉടമയാണ് ശരത്ത്.
ദിലീപുമായി വളരെ അടുത്ത ബന്ധമുള്ള വ്യക്തിയാണ് ശരത്ത്. മുൻപ് ദിലീപ് അറസ്റ്റിലായപ്പോൾ ഒപ്പമുണ്ടായിരുന്നത് ഇയാളാണ്. ആലുവ സ്വദേശിയും ബിസിനസുകാരനുമായ ശരത്തും ദിലീപും തൃശ്ശൂരിലെ ഒരു ക്ഷേത്രത്തിൽ പോയി മടങ്ങുമ്പോഴാണ് അന്ന് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത് ആലുവ പോലീസ് ക്ലബ്ബിൽ എത്തിക്കുമ്പോൾ വാഹനത്തിൽ ശരത്തും ഉണ്ടായിരുന്നു. ദിലീപിന്റെ വീട്ടിൽ പരിശോധന നടന്നതിന് ശേഷം ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ശരത്ത് ഹാജരായിരുന്നില്ല.
ദിലീപിന്റെ സഹോദരി ഭർത്താവ് ടി.എൻ.സൂരജിന്റെ ഫ്ളാറ്റിലും റെയ്ഡ് നടത്തുകയുണ്ടായി. കൊച്ചി കത്രിക്കടവിലുള്ള ഫ്ളാറ്റിലാണ് ക്രൈബ്രാഞ്ച് റെയ്ഡ് നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ സൂരജ് മൂന്നാംപ്രതിയാണ്.സൂരജിന്റെ അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനക്ക് വരാനിരിക്കെയാണ് നിർണായകമായ നീക്കങ്ങൾ ക്രൈംബ്രാഞ്ച് നടത്തുന്നത്.
content highlights:dileeps-friend-sarath-vip-in-conspiracy-case-actress assault case