തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകൾ 22,000 കഴിഞ്ഞിരിക്കുന്നതിനാൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
കോവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച് സംസ്ഥാനത്തെ കോവിഡ് കേസുകൾ ഡിസംബർ 26-ന് 1824 വരെ കുറഞ്ഞതാണ്. എന്നാൽ ക്രിസ്തുമസ്, ന്യൂ ഇയർ കഴിഞ്ഞതോടെ വളരെ പെട്ടെന്ന് കോവിഡ് കേസുകൾ വർധിച്ചു. ജനുവരി ഏഴിന് കേവിഡ് കേസുകൾ 5,000-ന് മുകളിലായിരുന്നു. അത് കേവലം 10 ദിവസം കൊണ്ട് നാലിരട്ടിയിലധികമായി വർധിച്ചു. ജനുവരി 12-ന് 12,000ന് മുകളിലും ജനുവരി 17ന് 22,000ന് മുകളിലും എത്തിയിട്ടുണ്ട്. ഇനിയും കേവിഡ് കേസുകൾ കുത്തനെ ഉയരാതിരിക്കാൻ എല്ലാവരും അതീവ ജാഗ്രത പാലിക്കണം. ആരിൽ നിന്നും കോവിഡ് പകരുന്ന അവസ്ഥയാണുള്ളത്. സ്വയം സുരക്ഷയാണ് ഏറ്റവും പ്രധാനം. പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നവർ ശരിയായവിധം എൻ 95 മാസ്കോ, ഡബിൾ മാസ്കോ ധരിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് കേസുകളിൽ ഏകദേശം 60,161 വർധനവാണ് ഉണ്ടായിരിക്കുന്നത്. പുതിയ കേസുകളുടെ വളർച്ചാ നിരക്കിൽ 182 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികൾ 160 ശതമാനവും, ആശുപത്രികളിലെ രോഗികൾ 41 ശതമാനവും, ഫീൽഡ് ആശുപത്രികളിലെ രോഗികൾ 90 ശതമാനവും, ഐ.സി.യുവിലെ രോഗികൾ 21 ശതമാനവും, വെന്റിലേറ്ററിലെ രോഗികൾ 6 ശതമാനവും, ഓക്സിജൻ കിടക്കകളിലെ രോഗികൾ 30 ശതമാനവും വർധിച്ചിട്ടുണ്ട്. പ്രായമായവർക്കും മറ്റനുബന്ധ രോഗമുള്ളവർക്കും കോവിഡ് ബാധിച്ചാൽ പെട്ടന്ന് ഗുരുതരമാകാൻ സാധ്യതയുണ്ട്. രോഗികളുടെ എണ്ണം കുത്തനെ ഉയർന്നാൽ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണവും ഗുരുതാവസ്ഥയിലെത്തുന്ന രോഗികളുടെ എണ്ണവും മരണങ്ങളും അധികമായുണ്ടായേക്കാം. ഇത് ആശുപത്രി സംവിധാനങ്ങളെ സമ്മർദത്തിലാക്കും. അതിനാൽ എല്ലാവരും കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്.
പൊതു ചടങ്ങുകൾ മാർഗനിർദേശ പ്രകാരം മാത്രം നടത്തേണ്ടതാണ്. എല്ലായിടത്തും ആളുകളെ പരമാവധി കുറയ്ക്കണം. പനിയും രോഗലക്ഷണങ്ങളുള്ളവരും മറച്ചുവച്ച് പൊതുയിടങ്ങളിൽ ഇറങ്ങരുത്. രോഗലക്ഷണങ്ങളുള്ളവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശമനുസരിച്ച് കോവിഡ് പരിശോധന നടത്തണം. ഓഫീസുകളിലും സ്ഥാപനങ്ങളിലും എല്ലാവരും ശരിയായ വിധം മാസ്ക് ധരിക്കണം. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കൈ കഴുകുന്ന സ്ഥലങ്ങളിലും തിരക്ക് കൂട്ടരുത്. അടച്ചിട്ട സ്ഥലങ്ങൾ കോവിഡ് വ്യാപനത്തിന് കാരണമായതിനാൽ ജനാലുകളും വാതിലുകളും തുറന്നിടണം. കടകളിലും ഷോപ്പിംഗ് മാളുകളിലും പോകുന്നവർ ഒരിക്കലും മാസ്ക് താഴ്ത്തരുത്. എല്ലാവരും കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
content highlights:covid: more than four times increase within 10 days, everybody should take caution- health minister