കൊച്ചി > നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അടുത്ത സുഹൃത്തും ആലുവയിലെ സൂര്യ ഹോട്ടൽ ഉടമയുമായ ശരത്തിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന. ശരത്തിന്റെ ആലുവ തോട്ടുമുഖത്തെ വീട്ടിലാണ് ക്രൈംബ്രാഞ്ച് അന്വേഷക സംഘം പരിശോധന നടത്തുന്നത്. തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് പരിശോധന ആരംഭിച്ചത്.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ പലയിടത്തും ശരത്തിന്റെ പേര് ഉയർന്നുവന്നിരുന്നു. വിഐപി ദിലീപിന്റെ വീട്ടിൽ എത്തിയത് ശരത്തിന്റെ ഒപ്പമാണെന്നും ദിലീപിന്റെ സഹോദരിയുടെ മകൻ ‘ശരത്ത് അങ്കിൾ’ വന്നിട്ടുണ്ടെന്ന് പറയുന്നത് കേട്ടതായും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. കേസിൽ ശരത്തിനെ ചോദ്യം ചെയ്യാൻ വിളിച്ചെങ്കിലും ഹാജരായിരുന്നില്ല. ഇതിനുപിന്നാലെ ശരത്ത് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.