തൃപ്രയാര്> തൃപ്രയാറില് വന്മയക്കുമരുന്നു വേട്ട. മാരകമയക്കുമരുന്നായ എംഡിഎംഎയുമായി കെമിക്കല് എന്ജിനിയറിങ് വിദ്യാര്ത്ഥി അറസ്റ്റില്. പഴുവില് എടക്കാട്ടുതറ വീട്ടില് മുഹമ്മദ് ഷഹീന് ഷായാണ് (22) ആണ് പിടിയിലായത്. തൃശൂര് റൂറല് ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡാങ് ഗ്രേക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്ന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഇരിഞ്ഞാലക്കുട ഡിവൈഎസ്പി ക്രൈം സ്ക്വാഡും ചേര്ന്നാണ് പ്രതിയെ പിടികൂടിയത്.
ഒരാഴ്ചയായി പൊലീസ് തിരച്ചില് തുടരുകയായിരുന്നു. തൃപ്രയാര് കിഴക്കെ നടയില് ബൈക്കിലെത്തിയ ഇയാളെ 33 ഗ്രാം എംഡിഎംഎ സഹിതമാണ് പിടികൂടിയത്. ഇയാളെ പിന്തുടര്ന്നു പിടി കൂടുകയായിരുന്നു. അന്യസംസ്ഥാനങ്ങളില് നിന്നും വിവിധ മാര്ഗങ്ങളിലൂടെ കേരളത്തിലേക്ക് കഞ്ചാവ്, എംഡിഎംഎ, എല്എസ്ഡി കടത്തുന്നതായാണ് വിവരം.
ഗ്രാമിന് ഏഴായിരത്തോളം രൂപയ്ക്ക് ചില്ലറവില്പ്പന നടത്തുന്ന മയക്കു മരുന്നാണ് പിടികൂടിയത്. കെമിക്കല് എന്ജിനിയറിംങ് വിദ്യാര്ത്ഥിയായ പ്രതി ഇതിനു മുന്പും ലഹരി മരുന്ന് കൊണ്ടുവന്ന് വില്പ്പന നടത്തിയിരുന്നതായാണ് വിവരം. ബെംഗ്ലൂര് നിന്നാണ് ഇയാള് മയക്കുമരുന്ന് എത്തിച്ചിരുന്നത്. പ്രതിക്ക് മയക്കുമരുന്ന് ലഭിച്ച ആളുകളെക്കുറിച്ചും ഇയാളില് നിന്ന് മയക്കുമരുന്ന് വാങ്ങുന്നവരെക്കുറിച്ചും കൂടുതല് അന്വേഷണം നടത്തു എസ്പി ഐശ്വര്യ ഡോങ് ഗ്രേ അറിയിച്ചു.