“കെപിസിസി പ്രസിഡന്റ് കെ സുധാകരനിൽ നിന്നും നല്ല വാക്ക് ഉണ്ടാകുമെന്ന് കേരളത്തിൽ ആരും കരുതുന്നില്ലല്ലോ, സുധാകരന്റെ പശ്ചാത്തലം അതല്ലേ? സുധാകരൻ അക്രമത്തിന് ആഹ്വാനം ചെയ്യുകയും തോക്ക് കൊണ്ടുനടക്കുകയും ചെയ്യുന്ന നേതാവാണ്.” പി സി ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു.
“കോൺഗ്രസിലുള്ള ആരും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവരല്ല. നിർഭാഗ്യവശാൽ കെപിസിസി പ്രസിഡന്റ് പദവിയിൽ അദ്ദേഹം എത്തിച്ചേർന്നു എന്നത് കോൺഗ്രസ് എത്രത്തോളം തകർച്ചയിലേക്ക് എത്തിയിരിക്കുന്നു എന്നതിന്റെ സൂചനയാണ്. കെ സുധാകരനെ കെപിസിസി പ്രസിഡന്റായി കാണാൻ മാനസികമായി തയ്യാറല്ലാത്തവരാണ് കേരളത്തിലെ ഭൂരിപക്ഷം കോൺഗ്രസുകാരും. അതാണ് ഒരു മുൻ കോൺഗ്രസ് നേതാവ് എന്ന നിലയിൽ എന്റെ അഭിപ്രായം.” എൻസിപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
അതേസമയം കൊലപാതക രാഷ്ട്രീയത്തോടുള്ള കെപിസിസി പ്രസിഡൻ്റിന്റെ നിലപാടിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കെഎസ്‌യു തൃശൂര്‍ ജില്ലാ സെക്രട്ടറി വി എസ് ഡേവിഡ് രാജിവെച്ചു. കോൺഗ്രസും അതിൻ്റെ പോഷക സംഘടനകളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ തള്ളിപ്പറയില്ലെന്നും അവരെ പിന്തുണയ്ക്കുമെന്നുമുള്ള കെ സുധാകരൻ്റെ പ്രസ്താവന ഞെട്ടിക്കുന്നതായിരുന്നുവെന്ന് ഡേവിഡ് പറഞ്ഞു.