ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിയുടെ സർക്കാർ പുറത്തുവിട്ട വിശദ പദ്ധതി രേഖ (ഡിപിആർ) പിഴവുകൾ നിറഞ്ഞതെന്ന്പദ്ധതിയെക്കുറിച്ച് സാധ്യതാ പഠനം നടത്തിയ സിസ്ത്ര എംവിഐയുടെ തലവൻ അലോക് വർമ്മ. പദ്ധതിയുടെ അലൈൻമെന്റിന്റെ 20 ശതമാനം മാത്രമാണ് ഡിപിആറിൽ പരസ്യപ്പെടുത്തിയിരിക്കുന്നത്. ആകെ 120 കിലോമീറ്റർ അലൈൻമെന്റ് മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. കോട്ടയത്തിന് ശേഷമുള്ള പാതയെക്കുറിച്ച് ഒരു വിവരവും ഡി.പി.ആറിലില്ലെന്നും അദ്ദേഹം പറഞ്ഞു.
നിർദ്ദിഷ്ട പാതയുടെ 30 ശതമാനവും വളവുകൾ നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. 200 ഇടത്ത് പാതയിൽ കയറ്റിറക്കങ്ങളുണ്ട്. ഇത്തരം പാതയിൽ ട്രെയിൻ ഓടിച്ചാൽ കോച്ചുകൾ ആടിയുലയും. നിർദ്ദിഷ്ട പാതയിൽ 120 കിലോമീറ്റർ സ്പീഡിൽ കൂടുതൽ ഓടിക്കാൻ പറ്റില്ല. ഇത് സെമി ഹൈ സ്പീഡല്ല, അമ്യൂൺസ്മെന്റ് പാർക്കിലെ റോളർ കോസ്റ്റർ റൈഡ് പോലെയാവും.
തിരുവനന്തപുരത്ത് നിന്നുള്ള 120 കിലോമീറ്റർ അലൈൻമെന്റ് മാത്രമാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. കോട്ടയത്തിന് ശേഷമുള്ള വിവരങ്ങൾ നൽകിയിട്ടില്ല. വളവുകളുടെ വിവരങ്ങൾ മാത്രമാണ് നൽകിയിരിക്കുന്നത്. അലൈൻമെന്റ് നൽകിയിട്ടില്ല. എല്ലാ രണ്ട് കിലോമീറ്ററിലും കുത്തനെയുള്ള വളവുകളുണ്ട്.വളഞ്ഞുപുളഞ്ഞതും അറക്കവാളിന്റെ പല്ല് പോലെയാണ്.
പാതയിൽ രണ്ട് വലിയ ടണലുകളുൾപ്പെടെ 120 ടണലുകളുണ്ട്. കോഴിക്കോട് ഭൂഗർഭ സ്റ്റേഷനാണ്. അവിടെ 3.5 കിലോമീറ്റർ നീളത്തിലും കണ്ണൂരിന് സമീപം രണ്ട് കിലോമീറ്ററിനടുത്ത് ദൂരമുള്ള ടണലുമുണ്ട്. തൃശ്ശൂരിൽ നിലവിലുള്ള റെയിൽവേ ലൈൻ പൂർണമായും മാറ്റേണ്ടിവരും. അതിനൊപ്പം മൂന്നും നാലും പാതകൾ വരുമെന്ന് റെയിൽവേയും പറയുന്നു. റെയിൽവേ സ്റ്റേഷനും പാതകളും മാറ്റിയ ശേഷമുള്ള സ്ഥലത്ത് ആകാശപാതയാണ് നിർമിക്കുക.
ഏതെങ്കിലും ഭൂസർവേ സർവേ നടത്തിയിട്ടില്ലെന്നതിന് തെളിവാണിതെല്ലാമെന്നും അലോക് വർമ്മ പറഞ്ഞു. തൃശ്ശൂർ മുതൽ കാസർകോട് വരെ നിലവിലുള്ള റെയിൽവേ പാതക്ക് സമന്തരമാണ് ഈപാത പോകുന്നത്. പാതയിൽ 80 റെയിൽവേ മേൽപ്പാലങ്ങൾ ഉയർത്തിക്കെട്ടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights:Silverline DPR is full of errors, says Alok Verma