തിരുവനന്തപുരം
തോട്ടം മേഖലയിൽ ലയങ്ങളിലും ശോചനീയ സാഹചര്യങ്ങളിലും ജീവിക്കുന്നവർക്ക് സ്വന്തംവീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. എട്ട് ജില്ലയിൽ 37 പഞ്ചായത്തിലെ 20,437 കുടുംബത്തിനാണ് സർക്കാർ വീട് നിർമിച്ച് നൽകുന്നത്. റവന്യു–-തദ്ദേശഭരണ വകുപ്പുകൾ ചേർന്ന് എസ്റ്റേറ്റ് പ്രദേശങ്ങളിലെ ഭൂരഹിത ഭവനരഹിതർക്ക് തോട്ടം വകയല്ലാത്ത ഭൂമി കണ്ടെത്തും. പദ്ധതി വേഗത്തിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ തദ്ദേശ–-റവന്യു വകുപ്പുകളുടെ സംയുക്ത യോഗം ചേരും.
ഭൂമി കണ്ടെത്താൻ റവന്യു വകുപ്പിന് ഉടൻ ഗുണഭോക്താക്കളുടെ പട്ടിക തദ്ദേശഭരണവകുപ്പ് കൈമാറും. തുടർന്ന്, കലക്ടർമാരുടെ നേതൃത്വത്തിലാകും തോട്ടമല്ലാത്ത ഭൂമി കണ്ടെത്തുക. ഇടുക്കിയിൽ ദേവികുളം( 6551), മൂന്നാർ (4465), ചിന്നക്കനാൽ (1801) പഞ്ചായത്തുകളിൽമാത്രം 12,817 കുടുംബമുണ്ട്. ജില്ലയിലെ 13 പഞ്ചായത്തിലാകെ 16,308 ഗുണഭോക്താക്കളുണ്ട്. ഭൂമി കണ്ടെത്തുന്നതിൽ മൂന്നാർ, ദേവികുളം പഞ്ചായത്തുകൾക്ക് മുൻഗണന നൽകും. വയനാട് ഒമ്പത് പഞ്ചായത്തിൽ 1932 കുടുംബവും തൃശൂരിൽ മൂന്ന് പഞ്ചായത്തിൽ 920 കുടുംബവും പട്ടികയിലുണ്ട്.
ഈ മേഖലയിൽ വീട് നിർമിച്ചുനൽകാൻ സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും തോട്ടം ഇനത്തിൽപ്പെടാത്ത ഭൂമി ലഭ്യമല്ലാത്തതാണ് പദ്ധതിക്ക് തടസ്സമായത്. ഇക്കാര്യം പഞ്ചായത്ത് ഡയറക്ടർ സർക്കാരിനെ അറിയിച്ചു. നേരത്തേ തദ്ദേശ –-റവന്യു സെക്രട്ടറിമാർ യോഗം ചേർന്ന് പ്രാഥമിക നടപടി സ്വീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഭൂമി അതിവേഗം കണ്ടെത്താൻ കഴിഞ്ഞ ദിവസം ചേർന്ന തദ്ദേശഭരണ വകുപ്പ് കോ–-ഓർഡിനേഷൻ യോഗം തീരുമാനിച്ചത്. ഭൂമി കണ്ടെത്തിയാൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വീട് നിർമിക്കും.