കോട്ടയം: പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് (70) അന്തരിച്ചു. കോവിഡ് ബാധിതനായ അദ്ദേഹത്തെ ശ്വാസംമുട്ടലിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1973ൽ പുറത്തിറങ്ങിയ ജീസസ് എന്ന സിനിമയ്ക്കാണ് ആദ്യമായി ഗാനമൊരുക്കിയത്. രണ്ടായിരത്തോളം ഗാനങ്ങൾ ചിട്ടപ്പെടുത്തിയ അദ്ദേഹം നാന്നൂറിലേറെ അയ്യപ്പ ഭക്തിഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്.
സ്വാമി സംഗീതം ആലപിക്കും താപസ ഗായകനല്ലോ ഞാൻ എന്ന അദ്ദേഹത്തിന്റെ ഗാനം വളരെ പ്രശസ്തമാണ്. ഈ വർഷത്തെ ഹരിവരാസനം പുരസ്കാര ജേതാവാണ് അദ്ദേഹം. മലയാളത്തിലും തമിഴിലുമായിരണ്ടായിരത്തോളം ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. യേശുദാസുമായി ചേർന്ന് നിരവധി മനോഹരമായ സംഗീത സൃഷ്ടികളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇന്ന് രാത്രി പത്ത് മണിയോടെയാണ് അന്ത്യം സംഭവിച്ചത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം കഴിഞ്ഞ ദിവസം ശബരിമലയിലെത്തി അദ്ദേഹം സ്വീകരിച്ചിരുന്നു. തുടർന്ന് വീട്ടിലെത്തിയ ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ്സ്ഥിരീകരിച്ചത്. ടാഗോർ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 40 വർഷമായി കോട്ടയം ഏറ്റുമാനൂരിലാണ് അദ്ദേഹം കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.
Content Highlights: musician alappey ranganath passes away