കോഴിക്കോട് > സിനിമാരംഗത്തെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നിയമ നിർമാണത്തിന് ശുപാർശ ചെയ്യുമെന്ന് വനിതാകമീഷൻ അധ്യക്ഷ പി സതീദേവി. ഡബ്ല്യുസിസി (വുമൺ ഇൻ സിനിമ കലക്റ്റീവ്) അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് കമീഷൻ നിലപാട് വ്യക്തമാക്കിയത്. നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ഡബ്ല്യുസിസി പ്രതിനിധികൾ സതീദേവിയെ കണ്ടത്.
സിനിമാ നിർമാണ കമ്പനികൾക്ക് രജിസ്ട്രേഷൻ ലഭിക്കണമെങ്കിൽ സ്ത്രീസുരക്ഷാ നടപടികൾ ഉറപ്പാക്കാനുള്ള സമിതി വേണമെന്ന നിർദേശം കമീഷൻ സർക്കാരിനെ അറിയിക്കും. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമം അനിവാര്യമാണ്. വേതനമുൾപ്പെടെയുള്ളവ പരിശോധിച്ച് സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് പരിശോധിച്ച് നടപടി കൈക്കൊള്ളുമെന്നും സതീദേവി പറഞ്ഞു. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ ഡബ്ല്യുസിസി അംഗങ്ങളായ അഞ്ജലി മേനോൻ, പത്മപ്രിയ, പാർവതി തിരുവോത്ത്, സയനോര, ദീദി ദാമോദരൻ തുടങ്ങിയവരാണ് വനിതാ കമീഷൻ അധ്യക്ഷയെ കണ്ടത്.
ഹേമ സമിതി റിപ്പോർട്ട് പുറത്തുവിടണം: ഡബ്ല്യുസിസി
സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ സമിതി റിപ്പോർട്ട് പുറത്തുവിടണമെന്ന് ഡബ്ല്യുസിസി (വുമൺ ഇൻ സിനിമ കലക്റ്റീവ്) ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങൾ വനിതാ കമീഷൻ ചെയർപേഴ്സൺ പി സതീദേവിയുമായി കൂടിക്കാഴ്ച നടത്തി. നടിമാരായ പത്മപ്രിയ, പാർവതി തിരുവോത്ത്, ഗായിക സയനോര, തിരക്കഥാകൃത്ത് ദീദി ദാമോദരൻ തുടങ്ങിയവരാണ് ഞായർ രാവിലെ കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തി സതീദേവിയെ കണ്ടത്.
ജസ്റ്റിസ് ഹേമയുടേത് കമീഷനല്ല. സമിതിയാണെന്ന് കൂടിക്കാഴ്ചയിലാണ് വ്യക്തമായതെന്ന് ഡബ്ല്യുസിസി പ്രതിനിധികൾ പറഞ്ഞു. ലിംഗനീതി ഉറപ്പാക്കുന്നതിന് കൂടിയാണ് കമീഷനുമുന്നിൽ നിന്ന് തുടങ്ങാമെന്ന് തീരുമാനിച്ചത്. ഇനിയും മുട്ടാവുന്ന എല്ലാ വാതിലുകളും മുട്ടും. കാത്തിരിക്കാൻ സമയമില്ല. തങ്ങൾക്കുണ്ടായ വ്യക്തിപരമായ അനുഭവങ്ങൾ ഹേമ സമിതിക്ക് മുന്നിൽ എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ട്. നടിയെ പിന്തുണയ്ക്കുന്നുവെന്ന് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടവർ സ്വന്തം പ്രൊഡക്ഷൻ കമ്പനികളിൽ ആഭ്യന്തരസമിതിയുണ്ടോ എന്ന് പരിശോധിക്കണം. അങ്ങനെയാണ് സ്ത്രീകൾക്കൊപ്പം നിൽക്കേണ്ടതെന്നും ഇവർ പറഞ്ഞു.