കൊച്ചി / കോഴിക്കോട് > കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വലിയ ആൾക്കൂട്ടത്തെ പങ്കെടുപ്പിച്ച് ബിജെപി പൊതുയോഗങ്ങൾ. കോഴിക്കോടും, പെരുമ്പാവൂരും സംഘടിപ്പിച്ച പരിപാടികളിൽ പങ്കെടുത്തവർക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് നേതൃത്വം നൽകിയത് സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനാണ്. എറണാകുളം പെരുമ്പാവൂരിൽ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി സുധീര്‍ ഉള്‍പ്പടെയുള്ള സംസ്ഥാന നേതാക്കള്‍ പ്രോട്ടോക്കോള്‍ ലംഘിച്ചുള്ള പരിപാടികൾക്ക് നേതൃത്വം നൽകി.
പെരുമ്പാവൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടി
കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 30 ശതമാനത്തിലധികം എത്തിനില്‍ക്കുന്ന സ്ഥലമാണ് കോഴിക്കോട് നഗരം. മുതലക്കുളം മൈതാനിയിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ബിജെപി പ്രവര്‍ത്തകര്‍ ഒത്തു കൂടിയത്. പോപ്പുലര്‍ ഫ്രണ്ട് ഭീകരതയ്ക്കെതിരെ ജനകീയ പ്രതിരോധം എന്ന പേരില്‍ നടത്തിയ യോഗത്തില്‍ രണ്ടായിരത്തോളം പേര് പങ്കെടുത്തു. ജില്ലയുടെ വിവിധ ഭാഗത്തളിൽ നിന്നാണ് ഇവരെ എത്തിച്ചത്.
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 30 ശതമാനത്തിലധികം നിലനില്‍ക്കുന്ന എറണാകുളത്ത് പെരുമ്പാവൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഒത്തുകൂടി. യോഗത്തില്‍ അഞ്ഞൂറോളം പേര് പങ്കെടുത്തു. ടിപിആർ തുടർച്ചയായി 30 ശതമാനത്തിൽ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ പൊതുപരിപാടികൾ വിലക്കിയതുൾപ്പടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ജില്ലാ കലക്ടറുടെ ഉത്തരവ് പുറത്തിറങ്ങിയ ദിവസം തന്നെയായിരുന്നു ബിജെപിയുടെ പ്രോട്ടോക്കോൾ ലംഘിച്ചുള്ള പരിപാടി.