തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യം പഠിക്കുന്നതിനായി രൂപീകരിച്ച ഹേമ കമ്മീഷനുവേണ്ടി സർക്കാർ ചെലവഴിച്ചത് ഒരു കോടിയിലധികം രൂപ. 2017 മുതൽ 2020 വരെയുള്ള കമ്മീഷന്റെ ചെലവ് 10655000 രൂപയാണ്. വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജസ്റ്റിസ് ഹേമ പത്ത് തവണയായി 10322254 രൂപ കൈപ്പറ്റിയതായും രേഖകളിൽ പറയുന്നു.
സിനിമാ രംഗത്തെ സ്ത്രീകളുടെപ്രശ്നങ്ങളെ കുറിച്ച് പഠിക്കാനാണ് സർക്കാർ ഹേമ കമ്മീഷനെ നിയോഗിച്ചത്. കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും റിപ്പോർട്ടിലെ ഒരു ശുപാർശ പോലും സർക്കാർ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ഹേമ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാത്തതിനുള്ള കാരണം സംബന്ധിച്ച ചോദ്യത്തിന് റിപ്പോർട്ട് നടപ്പിലാക്കുന്ന വിഷയം വിശദമായി പരിശോധിച്ച് വരികയാണെന്നാണ് സർക്കാർ നൽകിയ മറുപടി.
നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയതിന് പിന്നാലെയാണ് സിനിമ മേഖലയിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യം പഠിക്കുന്നതിന് സർക്കാർ കമ്മീഷനെ രൂപീകരിച്ചത്. ജസ്റ്റിസ് ഹേമയ്ക്ക് പുറമെ വത്സലകുമാരി, നടി ശാരദ എന്നിവരെ അംഗങ്ങളാക്കി രൂപീകരിച്ച കമ്മീഷൻ 2019 ൽ സർക്കാരിന് റിപ്പോർട്ട് കൈമാറി.
സിനിമാ മേഖലയിലെ അറുപതോളം സ്ത്രീകളുടെ മൊഴി കമ്മീഷൻ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ കോടികൾ ചിലവാക്കിയ കമ്മീഷൻ റിപ്പോർട്ടിൽ തുടർനടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാവാത്തതിനെതിരെ ഡബ്ല്യു.സി.സി ഉൾപ്പടെ പ്രതിഷേധം ശക്തമാക്കുകയാണ്.
Content Highlights: Government spent over Rs 1 crore forHema Commission